ന്യൂയോര്‍ക്ക്: വനിതാ വിഭാഗം ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ്, വിക്ടോറിയ അസാരങ്ക, ഏകത്റീന മകരോവ, പുരുഷ വിഭാഗത്തില്‍ നൊവാക് ഡോക്കോവിച്ച്, സ്റ്റാനിസ്ലാവ് വാവ്റിങ്ക, ആന്‍ഡി മുറെ, നിഷികോരി തുടങ്ങിയവര്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
പുരുഷ വിഭാഗത്തില്‍ നൊവാക് ഡോക്കോവിച്ച് ജര്‍മ്മനിയുടെ ഫിലിപ്പ് സ്കൈബറെ 6-1, 7-5, 6-4 എന്ന സ്കോറിന് കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. ബ്രിട്ടന്റെ ആന്‍ഡി മുറെ ജോ വില്‍ഫ്രഡ് സോംഗയുടെ വെല്ലുവിളി നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നു. സ്കോര്‍: 7-5, 7-5, 6-4. മൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ടോബി റോബ്രഡോയെ കീഴടക്കിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 7-5, 4-6, 7-6 (9-7), 6-2. അഞ്ചാം സീഡ് മിലോസ് റാവോനിക്കിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ച് ജപ്പാന്റെ നിഷികോരി ക്വാര്‍ട്ടറിലെത്തി. സ്കോര്‍: 6-4, 6-7 (4-7), 7-6 (8-6), 5-7, 4-6. ഏഴാം സീഡ് ഗ്രിഗോര്‍ ദിമിത്രോവ് 0-6, 6-3, 6-4, 6-1 എന്ന സ്കോറിന് ഗോഫിനെ കീഴടക്കി അവസാന എട്ടില്‍ ഇടംപിടിച്ചു. ക്വാര്‍ട്ടറില്‍ ഡോക്കോവിച്ച് ആന്‍ഡി മുറെയെയും വാവ്റിങ്ക നിഷികോരിയെയും നേരിടും.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ് എസ്റ്റോണിയയുടെ കയിയ കനേപ്പിയെ 6-3, 6-3 എന്ന സ്കോറിനും വിക്ടോറിയ അസാരങ്ക സെര്‍ബിയയുടെ അലക്സാന്ദ്രെ ക്രൂണിക്കിനെ 4-6, 6-4, 6-4 എന്ന സ്കോറിനും റഷ്യയുടെ ഏകത്റീന മകരോവ 7-6 (7-2),6-4 എന്ന സ്കോറിന് കാനഡയുടെ യൂജിന്‍ ബുച്ചാര്ഡിനെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി. അതേസമയം ഒമ്പതാം സീഡ് ജെലേന ജാന്‍കോവിച്ചിനെ അട്ടിമറിച്ച് സ്വിറ്റ്സര്‍ലന്റിന്റെ സീഡ് ചെയ്യപ്പെടാത്ത ബെലിന്‍ഡ ബെന്കിക്ക് ക്വാര്‍ട്ടറിലെത്തി. 7-6 (8-6), 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജാന്‍കോവിച്ച് എതിരാളിയോട് കീഴടങ്ങിയത്.
അതേസമയം മിക്സഡ് ഡബിള്‍സില്‍ ഒന്നാം സീഡുകളായ ഇന്ത്യയുടെ സാനിയ മിര്‍സ-ബ്രസീലിന്റെ ബ്രൂണോ സോറസ് ജോഡികള്‍ സെമിയില്‍ പ്രവേശിച്ചു. ആറാം സീഡുകളായ സ്ലോവാക്യയുടെ കത്രിന സെബോട്ട്നിക്ക്-ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം അവസാന നാലില്‍ ഇടംപിടിച്ചത്. അതേസമയം സിംബാബ്വെയുടെ കാര ബ്ലാക്ക്-ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സഖ്യവും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.
പുരുഷ ഡബിള്‍സിലും പേസ് സഖ്യം പരാജയപ്പെട്ടു. പേസ്-റാഡെക്ക് സ്റ്റെപാനക് സഖ്യം സ്പാനിഷ് ജോഡികളായ മാഴ്സല്‍ ഗ്രാനോലേഴ്സ്-മാര്‍ക്കോ ലോപ്പസ് സഖ്യത്തോടാണ് മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ടത്. അതേസമയം വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
















