ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. ആദ്യ മത്സരം മഴയത്ത് ഒലിച്ചുപോയെങ്കിലും രണ്ടും മൂന്നും മത്സരങ്ങളില്‍ ഇന്ത്യ ഗംഭീര വിജയം നേടിയിരുന്നു. ഈ വിജയങ്ങള്‍ നല്കിയ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നത്.
ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തിനുശേഷം മുഖം മാറിയ ഇന്ത്യയാണ് ഏകദിന പരമ്പരക്കിറങ്ങിയത്. പുതിയ ഡയറക്ടറായി ചുമതയേറ്റ രവിശാസ്ത്രിയുടെ പങ്കും കഴിഞ്ഞ രണ്ട് ഇന്ത്യന്‍ വിജയത്തിലും നിര്‍ണായകമായി. കഴിഞ്ഞ മത്സരങ്ങൡ ഫീല്‍ഡിംഗിലും ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങിയതാണ് ഇന്ത്യയുടെ വിജയത്തിന് കാരണം. ബാറ്റിംഗില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഇതുവരെ ഫോമിലേക്കുയരാത്തതാണ് ഇന്ത്യയെ അലട്ടുന്നത്. ഇന്നത്തെ മത്സരത്തില്‍ ധവാന് പുറത്തിരിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ രഹാനെക്കൊപ്പം മുരളി വിജയ് ആയിരിക്കും ഇന്ത്യന്‍ ഇന്നിംഗ്സിന് തുടക്കം കുറിക്കുക.
ബാറ്റിംഗില്‍ രഹാനെയും സുരേഷ് റെയ്നയും വിരാട് കോഹ്ലിയും അമ്പാട്ടി റായിഡുവും മികച്ച ഫോമിലാണ്. ടെസ്റ്റ് പരമ്പരയില്‍ പരാജയമായിരുന്നെങ്കിലും മൂന്നാം ഏകദിനത്തില്‍ കോഹ്ലി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ്മയുടെ അഭാവം ഇന്ത്യയെ നേരിയ തോതില്‍ അലട്ടാന്‍ സാധ്യതയുണ്ട്. എങ്കിലും മുഹമ്മദ് ഷാമിയും ഭുവനേശ്വര്‍കുമാറും ഉള്‍പ്പെട്ട പേസര്‍മാരും അശ്വിന് നേതൃത്വം നല്കുന്ന സ്പിന്നര്‍മാരും കഴിഞ്ഞ മത്സരത്തില്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. പ്രത്യേകിച്ചും പാര്‍ട്ട് ടൈം ബൗളര്‍മാരായ സുരേഷ് റെയ്നയും ജഡേജയും റായിഡുവും.
അതേസമയം കുക്കും ഹെയ്ല്‍സും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും തുടര്‍ന്നുള്ള ബാറ്റ്സ്മാന്മാര് അവസരത്തിനൊത്തുയരുന്നില്ല എന്നതാണ് ഇംഗ്ലണ്ടിനെ അലട്ടുന്നത്. എന്നാല്‍ ബാറ്റ്സ്മാന്മാരെ അപേക്ഷിച്ച് ആന്ഡേഴ്സണ് അടങ്ങുന്ന ബൗളര്‍മാര്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നുണ്ട് എന്നതു മാത്രമാണ് അവര്‍ക്ക് ആശ്വസിക്കാനുള്ളത്. എന്തായാലും പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും നഷ്ടപ്പെടാതിരിക്കാന്‍ ഇംഗ്ലണ്ടിനും വിജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടത്തിനായിരിക്കും ബര്‍മിംഗ്ഹാമിലെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: