കോട്ടയം: രാഷ്ട്രനന്മയ്ക്കാവശ്യമായ വിദ്യാഭ്യാസമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ റാവു ഭാഗവത് പറഞ്ഞു. വലിയ കെട്ടിടങ്ങളും മറ്റു ഭൗതിക സാഹചര്യങ്ങളും മാത്രമല്ല ആ വിദ്യാലയത്തില്‍ നിന്നും പുറത്തേക്കു പോകുന്ന കുട്ടികള്‍ സമൂഹത്തിന് നല്കുന്നതെന്താണെന്നതും പ്രസക്തമാണെന്നും സര്‍സംഘചാലക് പറഞ്ഞു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രി പറഞ്ഞത് മൂന്നു ട്രില്യണ്‍ ഡോളര്‍ സാധ്യതയുള്ള ഭാരതത്തിലെ വിദ്യാഭ്യാസ മേഖല വിദേശനിക്ഷേപത്തിനായി തുറന്നു നല്‍കുകയാണെന്നാണ്. അതായത് വിദ്യാഭ്യാസത്തേയും മറ്റെന്തിനേയും പോലെ കച്ചവടസാധ്യതയുള്ള ഉല്‍പ്പന്നമായി മുന്‍ സര്‍ക്കാര്‍ കണ്ടിരുന്നു എന്നര്‍ത്ഥം. ചിലരെ പരിചയപ്പെടുമ്പോള്‍ അവര്‍ സ്കൂള്‍ നടത്തുന്നു എന്നു പറയാറുണ്ട്. അതായത് അതിനെ പ്രധാന ബിസിനസായി കാണുന്നുവെന്നര്‍ത്ഥം. എന്നാല്‍ അരവിന്ദ വിദ്യാമന്ദിരം എന്ന വിദ്യാലയം കാണുമ്പോള്‍ നാം ചെയ്യുന്ന പ്രവൃത്തിയുടെ മഹത്തരമായ നേട്ടങ്ങള്‍ ദര്‍ശിക്കാനാവുന്നുണ്ട്. ഏതു ദിശയിലാണോ അരവിന്ദ വിദ്യാമന്ദിരം ഇതുവരെ മുന്നോട്ടു നീങ്ങിയത് അതേ ദിശയില്‍ സ്കൂള്‍ കൂടുതല്‍ കൂടുതല്‍ വളരേണ്ടതുണ്ട്. വിദ്യാലയങ്ങള്‍ ഏതു ദിശയിലാണോ കുട്ടികളെ നിര്‍മ്മിക്കുന്നത് അതേ ദിശയില്‍ തന്നെ വീടുകളിലും കുട്ടികളെ വളര്‍ത്തേണ്ടതുണ്ട്. ഇരു കൈകൊണ്ടും പണം സമ്പാദിക്കണമെന്നു തന്നെയാണ് നാമും അവരെ പഠിപ്പിക്കണ്ടത്. എന്നാല്‍ അതോടൊപ്പം തന്നെ ആയിരം കൈകൊണ്ട് ദാനം ചെയ്യാനും അവരെ പഠിപ്പിക്കേണ്ടതുണ്ട്. സംഘര്‍ഷമില്ലാതെ വികാസത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍ നമുക്കു സാധിക്കണം. വിദ്യാഭ്യാസംകൊണ്ട് ഇതാണ് ലഭിക്കേണ്ടത്.
ധര്‍മ്മബോധമുള്ള മനുഷ്യരെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ധര്‍മ്മബോധമില്ലാത്ത മനുഷ്യര്‍ മൃഗത്തേപ്പോലെയാണ്. ധര്മ്മമെന്നത് പ്രജയെ പതനത്തില്‍നിന്നും ഉയര്‍ത്തിയെടുക്കുന്നതാണ്. മനുഷ്യന്റെ ഔന്നത്യത്തിലേക്കുള്ള പ്രയാണമാണ് ധര്‍മ്മം. പ്രകൃതിയുടെ വികാസമാണ് ധര്‍മ്മംകൊണ്ട് ഉദ്ദേശിക്കുന്നത്. ധര്മ്മബോധമുണ്ടെങ്കില് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പുരോഗതി നമ്മുടെ നാടിന് കൈവരും. ധര്‍മ്മബോധമുള്ള വിദ്യാഭ്യാസത്തിലൂടെ എല്ലാവരെയും യോജിപ്പിക്കാനും ഔന്നത്യത്തിലെത്തിക്കാനും കഴിയും.എന്നാല്‍ ഇന്നു പലയിടത്തും ഇത് കിട്ടുന്നില്ല. വിവേകമുള്ള നേതൃത്വങ്ങളെ സൃഷ്ടിക്കേണ്ട കടമയാണ് ഈ വിദ്യാലയത്തിലെ അധ്യാപികമാര്ക്കുള്ളത്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷം നാം ചെയ്ത തപസ് കൂടുതല്‍ തീവ്രതയോടെ മുന്നോട്ടു കൊണ്ടുപോകണം. പ്രശംസകളില്‍ ആത്മനിര്‍വൃതിയടഞ്ഞ് സ്വന്തം കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിക്കാത്ത നമ്മുടെ സ്വയംസേവകരാണ് ഈ ഉദ്യമത്തിന് പിന്നില്‍ എന്നതിനാല്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുമെന്നു ഉറപ്പുണ്ട്, എന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: