മുംബൈ: സമകാലിക ഇന്ത്യന്‍ ടെന്നീസിലെ വിവാദങ്ങള്‍ രാജ്യത്തിനു നാണക്കേടാണെന്നു മുന്‍ ഡേവിസ് കപ്പ് താരം ആനന്ദ് അമൃത്‌രാജ്. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനും താരങ്ങളും പ്രശ്ന പരിഹാരത്തിന് എത്രയും വേഗം ശ്രമിക്കണമെന്നും അദ്ദേഹം. സുപ്രധാന താരങ്ങളെ ഒഴിവാക്കി ദക്ഷിണ കൊറിയയ്‌ക്കെതിരായ ഡേവിസ് കപ്പ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അമൃത്‌രാജിന്റെ അഭിപ്രായ പ്രകടനം.
ഇതു അപമാനകരം. ഇരുകക്ഷികളും നേരിട്ടുള്ള ചര്‍ച്ചകളിലൂടെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കണം. സ്ഥിതിഗതികള്‍ അങ്ങേയറ്റം മോശമായിരിക്കുന്നു- അമൃത്‌രാജ് പറഞ്ഞു.
ഏതായാലും എഐടിഎ ടീം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാല്‍ത്തന്നെ എല്ലാവരും ഇന്ത്യന്‍ സംഘത്തെ പിന്തുണയ്‌ക്കുക. ആശംസകള്‍ നേരുക. കൊറിയയെ അവര്‍ മറികടക്കുമെന്നു പ്രതീക്ഷിക്കാം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡേവിസ് കാപ്പില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള സീനിയര്‍ താരങ്ങളുടെ കൂട്ടായ തീരുമാനം ഇന്ത്യന്‍ കായിക രംഗത്തെ പ്രശംസനീയമായ സംഭവമാണെന്നു സോംദേവ് ദേവ് വര്‍മന്‍ പറഞ്ഞു. ഇന്ത്യന്‍ ടെന്നീസ് ഇതിലൂടെ മോശമായി ചിത്രീകരിക്കപ്പെടില്ലെന്നുംതാരം. സീനിയേഴ്സിനൊപ്പം നിന്ന യുവ താരങ്ങളെ സോംദേവ് അഭിനന്ദിച്ചു. നിസ്വാര്‍ഥമായ നിലപാടിലൂടെ യുവ കളിക്കാര്‍ക്ക് ചില നഷ്ടങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















