ഇറ്റാവ: കേരളത്തിന്റെ പി.യു. ചിത്ര ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ഇരട്ട സ്വര്‍ണ്ണം കരസ്ഥമാക്കി. ആദ്യ ദിനം സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ചിത്ര ഇന്നലെ 5000 മീറ്ററില്‍ ദേശീയറെക്കോര്ഡോടെയാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. 17 മിനിറ്റ് 04.02 സെക്കന്റില്‍ കുതിച്ചെത്തിയാണ് പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ പി.യു. ചിത്ര പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1998ല്‍ മണിപ്പൂരിന്റെ രാധാമണി ദേവി സ്ഥാപിച്ച റെക്കോര്‍ഡാണ് ചിത്രയുടെ കുതിപ്പില്‍ വഴിമാറിയത്. 15 വര്‍ഷം മുന്‍പ് രാധാമണി ദേവി സ്ഥാപിച്ച 17 മിനിറ്റ് 08.7 സെക്കന്റിന്റെ റെക്കോര്‍ഡാണ് ചിത്രക്ക് മുന്നില്‍ പഴങ്കഥയായത്. 1500 മീറ്ററും ക്രോസ് കണ്ട്രി മത്സരവും ചിത്രക്ക് ബാക്കിയുണ്ട്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ 17:44.03മിനിറ്റുകൊണ്ടാണ് ചിത്ര സ്വര്‍ണ്ണം നേടിയിരുന്നത്.
മുണ്ടൂര്‍ പാലക്കീഴ് ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളാണ് ചിത്ര. മുണ്ടൂര്‍ സ്കൂളിലെ എന്‍.എസ്. സിജിന്‍ ആണ് പരിശീലകന്.
5000 മീറ്ററില്‍ മുണ്ടൂര്‍ എച്ച്എസിലെ തന്നെ കെ.കെ. വിദ്യക്കാണ് വെങ്കലം. വിദ്യ ആദ്യ ദിവസം 3000 മീറ്ററിലും ചിത്രക്ക് പിന്നിലായി വെങ്കലം കരസ്ഥമാക്കിയിരുന്നു.
















