ഇറ്റാവ: പ്രായത്തട്ടിപ്പിന്റെ പേരില്‍ നേരത്തെ പോള്‍വോള്‍ട്ടില്‍ പുതിയ ദേശീയറെക്കോര്ഡോടെ സ്വര്‍ണ്ണം നേടിയ ഹരിയാന താരത്തെ അയോഗ്യനാക്കിയതോടെ സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ട് സ്വര്‍ണ്ണം കേരളത്തിന് സ്വന്തമായി. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ വിഷ്ണു ഉണ്ണിയാണ് ഈയിനത്തില്‍ സ്വര്‍ണ്ണത്തിന് അര്‍ഹനായത്. നേരത്തെ വിഷ്ണുവിന് വെള്ളിയായിരുന്നു ലഭിച്ചത്. 4.60 മീറ്റര്‍ ഉയരം താണ്ടിയാണ് പുതിയ ദേശീയ റെക്കോര്‍ഡോടെ വിഷ്ണു സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
മീറ്റിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച ഹരിയാനയുടെ ദേവീന്ദ്ര കുന്ഡന് 2011 -ല്‍ ലുധിയാനയില്‍ സ്ഥാപിച്ച 4.41 മീറ്ററിന്റെ റിക്കാര്‍ഡ് മറികടന്ന് 4.75 മീറ്റര്‍ ചാടിയാണ് ഹരിയാനയുടെ സോനു സായ്നി സ്വര്‍ണ്ണം നേടിയിരുന്നത്. രണ്ടാം സ്ഥാനത്തെത്തിയ വിഷ്ണുവും ദേശീയ റെക്കോര്‍ഡ് മറികടന്നിരുന്നു.
എന്നാല്‍ സോനുവിനെതിരേ പ്രായത്തട്ടിപ്പ് ആരോപിച്ച് ചില മത്സരാര്‍ഥികള്‍ തന്നെ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരം പ്രായത്തിട്ടിപ്പ് നടത്തിയതായി വ്യക്തമായത്.
ഇതോടെ നേരത്തെ ഈയിനത്തില്‍ വെങ്കല മെഡല്‍ നേടിയ പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ എബിന് സണ്ണിക്ക് വെള്ളിമെഡലും സ്വന്തമായി.
















