മെല്‍ബണ്‍: പ്രതിഭകള്‍ പിറക്കുന്നത് ചരിത്രം സൃഷ്ടിക്കാനാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ മേറ്റ്ല്ലാം മറവിയിലാണ്ടാലും അവരുടെ വീരഗാഥകള്‍ തലമുറകള്‍ ഏറ്റുപാടും. സമകാലിക ടെന്നീസ് കോര്‍ട്ടില്‍ മുഴങ്ങുന്ന ഈ സെര്‍ബിയന്‍ വീരകഥയ്ക്കും അവയ്ക്കൊപ്പമാവും ഇനി സ്ഥാ ന ം.സംശയാലുക്ക ള്‍ക്കു മെല്‍ബണ്‍ പാ ര്‍ക്കിലെ കാറ്റിനോടു ചോദിക്കാം. അതു പറഞ്ഞുതരും നൊവാക് ഡോകോവിച്ചെന്ന വീരനായകന്റെ പ്രതിഭയുടെ ചൂട്. ബ്രിട്ടീഷ ് താരം ആന്‍ഡി മുറെയുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം സ്വപ്നം തച്ചുടച്ച ഡോകോവിച്ച് തുടര്‍ച്ചയായ മൂന്നാം തവണയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സെര്‍ബിയയിലേക്കു കടത്തിക്കൊണ്ടു പോയി. (6-7, 7-6, 6-3, 6-2). ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ചരിത്രത്തില്‍ ഇത്തരമൊരു നേട്ടം കുറിക്കുന്ന ആദ്യ താരവും ഡോകോ തന്നെ. കഴിഞ്ഞവര്‍ഷത്തെ യുഎസ് ഓപ്പണ്‍ ഫൈ നലില്‍ മുറെയോടേറ്റ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി ഡോകോയുടെ ജയം. ഇ തോടെ ലോക ഒന്നാം നമ്പറിന്റെ ഗ്രാന്‍ഡ് സ്ലാം നേട്ടം ആറായി. അതില്‍ നാലെണ്ണം ഓസ്ട്രേലിയന്‍ മണ്ണിലും.
നിര്‍ണായക നിമിഷങ്ങളില്‍ പോയിന്റുകള്‍ ഉറപ്പിച്ച ഡോകോവിച്ച് ഫൈനല്‍ പ്രതീക്ഷിച്ചതിലും അനായാസമാക്കുകയായിരുന്നു. വലതുപാദത്തിനേറ്റ പരുക്കും പേശിവലിവുംമൂലം മുറെ വലഞ്ഞപ്പോള്‍ ഡോകോ അതു ശരിക്കും പ്രയോജനപ്പെടുത്തി.
ഇരുതാരങ്ങളും സര്‍വീസില്‍ കൃത്യത പുലര്‍ത്തിയപ്പോള്‍ ആദ്യ രണ്ടു സെറ്റുകളുടെയും വിധിയെഴുതാന്‍ ടൈ ബ്രേക്കര്‍ വേണ്ടിവന്നു. ഒന്നാം സെറ്റില്‍ മുറെയുടെ സര്‍വീസ് ഗെയിം തട്ടിയെടുക്കാന്‍ ഡോകോവിച്ചിനു രണ്ടു തവണ അവസരം ലഭിച്ചു. എന്നാല്‍ പോരാട്ടവീര്യം പുറത്തെടുത്ത മുറെ ആ അപകടങ്ങളെ അതിജീവിച്ചു. ടൈബ്രേക്കില്‍ 7-2 ജയിച്ച ബ്രിട്ടീഷ് പ്രതിനിധി സെറ്റ് തന്റേതാക്കി.
രണ്ടാം സെറ്റില്‍ മുറെ കൂടുതല്‍ ജാഗരൂകനായി. അനാവശ്യ പിഴവുകള്‍ ലോക മൂന്നാം നമ്പര്‍ കുറച്ചു.
മറുവശത്ത് ഡോകോയും സ്വന്തം സര്‍വീസുകളില്‍ ആധിപത്യം നിലനിര്‍ത്തി. ഫലം മറ്റൊരു ടൈ ബ്രേക്കര്‍. ഇത്തവണ ജയം ഡോകോയ്ക്കൊപ്പം നിന്നു (7-3). പിന്നെ മുറെയുടെ ദൗര്ബല്യങ്ങളില് സെര്‍ബിയന്‍ ചാമ്പ്യന്‍ കണ്ണുവച്ചു. മൂന്നാം സെറ്റിന്റെ എട്ടാം ഗെയിമില്‍ മുറെയ്ക്കു പിഴച്ചപ്പോള്‍ ഡോകോ മത്സരത്തിലെ ആദ്യ ബ്രക്ക് കൈക്കലാക്കി (5-3). പിന്നാലെ ഒരൊറ്റ പോയിന്റുപോലും വിട്ടുകൊടുക്കാതെ സെറ്റിലേക്ക് ഡോകോ സര്‍വ് തൊടുത്തു.
നാലാം സെറ്റില്‍ മുറെ ശാരീരികമായി പരിക്ഷീണനായി. ഊര്‍ജം ആവാഹിക്കാന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ പരമാവധി ശ്രമിച്ചെങ്കിലും ഇരട്ട ബ്രേക്കിലൂടെ നൊവാക് ചരിത്രത്തിലേക്ക് റാക്കറ്റ് വീശി.
















