മെല്‍ബണ്‍: ഫോര്‍മുല വണ്‍ വേഗപ്പോരില്‍ സീസണിലെ ആദ്യ ഗ്രാന്റ്പ്രീയില്‍ കിമി റെയ്കോണിന് കിരീടം. ഓസ്ട്രേലിയന്‍ ഗ്രാന്റ് പ്രീയിലാണ് ലോട്ടസിന്റെ ഡ്രൈവറായ കിമി റെയ്കോണ് ജേതാവായത്. സീസണിലെ ആദ്യ മത്സരമായ ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ ഏഴാം സ്ഥാനത്ത് തുടങ്ങിയശേഷം ഉജ്വല കുതിപ്പ് നടത്തിയാണ് റെയ്കോണ് ഒന്നാമതെത്തിയത്. 2007ലും റെയ്കോണ് ഇവിടെ കിരീം ചൂടിയിരുന്നു. ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയാണ് രണ്ടാം സ്ഥാനത്ത്.പോള്‍ പൊസിഷനില്‍ തുടങ്ങിയ നിലവിലെ ലോക ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അലോണ്‍സോയുടെ ടീമംഗം ഫെലിപ്പെ മാസ നാലാമതും മുന്‍ ലോകചാമ്പ്യന് ലൂയിസ് ഹാമില്ട്ടണ് അഞ്ചാമതും ഫിനിഷ് ചെയ്തു. ഫോഴ്സ് ഇന്ത്യയുടെ അഡ്രിയന്‍ സുതില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മുന്‍ ചാമ്പ്യനും ഓസ്ട്രേലിയന്‍ ഗ്രാന്റപ്രീയിലെ ജേതാവുമായ ജെന്സന് ബട്ടന് മെക്ലാറനില് ഒന്‍പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
ഒന്നും രണ്ടാം സ്ഥാനത്ത് തുടങ്ങിയ വെറ്റലും വെബ്ബറും ഫെലിപ്പെ മാസയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തോടെയാണ് സീസണിലെ ആദ്യ ഗ്രാന്റ്പ്രീയ്ക്ക് തുടക്കമായത്. ഇവര്‍ക്കൊപ്പം തൊട്ടു പിറകില്‍ ഹാമില്‍ട്ടനും സ്ഥാനം പിടിച്ചു. ഇരുപത്തിനാലാം ലാപ്പില്‍ ലീഡിലേക്ക് കുതിച്ച റെയ്കോണ് 33-ാം ലാപ്പോടെ 16.4 സെക്കന്‍ഡിന്റെ മുന്‍തൂക്കത്തില്‍ നില ഭദ്രമാക്കി. പിന്നീട് കടുത്ത പോരാട്ടമാണ് അലോണ്‍സോയും റെയ്കോണും കാഴ്ചവച്ചത്. 49-ാം ലാപ്പോടെ റെയ്കോണ് വ്യക്തമായ ലീഡിലേയ്ക്കുയര്ന്നു. 56-ാം ലാപ്പോടെ കഴിഞ്ഞ സീസണില്‍ ഒരൊറ്റ റേസ് മാത്രം വിജയിച്ച റെയ്കോണ് കിരീടം ഉറപ്പിച്ചു.
കഴിഞ്ഞ സീസണില്‍ അബുദാബി ഗ്രാന്റപ്രീയില് മാത്രമാണ് 2007ലെ ലോകചാമ്പ്യനായ റെയ്കോണിന് വിജയിക്കാന്‍ കഴിഞ്ഞത്. ബഹ്റൈനിലും ലണ്ടനിലും രണ്ടാം സ്ഥാനത്തെത്തി. ഡ്രൈവര്‍മാരുടെ പോരാട്ടത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്നു റെയ്കോണ്. ഓസ്ട്രേലിയന്‍ ഗ്രാന്റ്പ്രീയില്‍ ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
















