ബാസല്‍: സ്വിസ്സ് ഓപ്പണ്‍ ഗ്രാന്റ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണില്‍ ഹാട്രിക്ക് കിരീടമെന്ന ഇന്ത്യന്‍ താരം സൈന നെഹ്വാളിന്റെ സ്വപ്നം പൊലിഞ്ഞു. തുടര്‍ച്ചയായ മൂന്നാം കിരീടം സ്വപ്നം കണ്ടെത്തിയ സൈന സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വനിതാ സെമിയില്‍ തോറ്റുപുറത്തായി.
ചൈനയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഷിസിയാന്‍ വാങ്ങാണ് ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്ക് സൈനയെ വീഴ്ത്തിയത്. 50 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 11-21, 21-10, 9-21 എന്ന സ്കോറിനാണ് സൈന ഷിസിയാന്‍ വാങ്ങിനോട് കീഴടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം കിരീടം പ്രതീക്ഷിച്ചെത്തിയ സൈനയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. കിരീടം നേടി ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കാമെന്ന താരത്തിന്റെ ആഗ്രഹവും വിഫലമായി.
കഴിഞ്ഞയാഴ്ച ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ സൈനയോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി വാങ്ങിന് ഈ വിജയം. കരിയറില്‍ സൈനയ്ക്കെതിരെ വാങ്ങ് നേടുന്ന രണ്ടാമത്തെ വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ ഉജ്ജ്വല ഫോമിലായിരുന്ന സൈനക്ക് പക്ഷേ സെമിയില്‍ ആ നിലവാരത്തിലേക്കുയരാന്‍ കഴിഞ്ഞില്ല.
രണ്ടാം ഗെയിമിലാണ് സൈനയുടെ കളിയില്‍ നേരിയ പുരോഗതി കണ്ടത്. ഒന്നാം ഗെയിമിലെ പോലെ തുടക്കം മുതല്‍ തന്നെ വാങ്ങ് ലീഡ് നേടിയെങ്കിലും 7-7 എന്ന സ്കോറുകളില്‍ തുല്ല്യത നേടിയ സൈന പിന്നീട് ലീഡ് വിട്ടുകൊടുത്തില്ല.
എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ചൈനീസ് താരത്തിന്റെ കരുത്തിന് മുന്നില്‍ സൈനക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. തുടക്കം മുതല്‍ തന്നെ കൈവിട്ട ലീഡ് തിരിച്ചുപിടിക്കാന്‍ സൈനയ്ക്ക് കഴിഞ്ഞില്ല. സൈനയുടെ ദുര്‍ബലമായ റിട്ടേണുകളും മോശപ്പെട്ട നെറ്റ് ഗെയിമും മുതലാക്കി വാങ്ങ് അനായാസമായി തന്നെ പോയിന്റുകള്‍ വാരിക്കൂട്ടി.
ഈ വര്‍ഷം ഇത് സൈനയുടെ മൂന്നാമത്തെ സെമി തോല്‍വിയാണ്. സ്വിസ് ഓപ്പണിനും ഓള് ഇംഗ്ലണ്ടിനും പുറമെ മലേഷ്യന്‍ ഓപ്പണിന്റെയും സെമിയില്‍ തോല്‍ക്കാനായിരുന്നു ലോക രണ്ടാം റാങ്കുകാരിയായ സൈനയുടെ വിധി.
തായ്ലന്റിന്റെ അഞ്ചാം സീഡ് രത്ചനോക്ക് ഇന്തനോനാണ് ഫൈനലില്‍ വാങ്ങിന്റെ എതിരാളി.
















