ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. സ്ഥാനനിര്‍ണയത്തിനായി നടന്ന മത്സരത്തില്‍ പരമ്പരാഗത എതിരാളികളായ പാക്കിസ്ഥാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്. പരാജയത്തോടെ പാക്കിസ്ഥാന് അവസാന സ്ഥാനത്തായി. ഒരുഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഏഴാം മിനിറ്റില്‍ ഒരു പെനാല്‍റ്റി കോര്‍ണറിലൂടെ നായകന് മുഹമ്മദ് ഇമ്രാനാണ് പാക്കിസ്ഥാനെ മുന്നിലെത്തിച്ചത്. രണ്ട് മിനിറ്റിനുശേഷം രൂപീന്ദര്‍ പാല് സിംഗ് പെനാല്റ്റികോര്ണറിലൂടെ ഇന്ത്യക്ക് സമനില നേടിക്കൊടുത്തു. പിന്നീട് 35-ാം മിനിറ്റില്‍ ആകാശ്ദീപ്സിംഗും 44-ാം മിനിറ്റില്‍ മലാക് സിംഗും ഗോള്‍ നേടിയതോടെ ഇന്ത്യ 3-1ന് മുന്നിലായി. 46-ാം മിനിറ്റില്‍ പാക്കിസ്ഥാന് കാഷിഫ് ഷാ സെയ്ദിലൂടെ ഒരു ഗോള്‍ മടക്കി. പിന്നീട് 62-ാം മിനിറ്റില്‍ രൂപീന്ദര്‍പാല്‍ സിംഗ് തന്റെ രണ്ടാം ഗോളും ഇന്ത്യയുടെ നാലാം ഗോളും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ പാക്കിസ്ഥാനെ ഈ ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തുന്നത്.
















