മിയാമി: മുന്‍ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ, സ്പെയിനിന്റെ ഡേവിഡ് ഫെറര്‍ എന്നിവര്‍ മിയാമി മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഫൈനലില്‍ ഫെറര്‍ മുറെയെ നേരിടും.
എട്ടാം സീഡ് ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്കറ്റിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് രണ്ടാം സീഡ് ആന്‍ഡി മുറെ ഫൈനലില്‍ പ്രവേശിച്ചത്. മൂന്ന് സെറ്റ് നീണ്ടുനിന്ന ആവേശകരമായ മത്സരത്തിനൊടുവിലാണ് 2009, 2010 വര്‍ഷങ്ങളിലെ ചാമ്പ്യനായ മുറെ ഗാസ്ക്കറ്റിനെ മറികടന്നത്. സ്കോര്‍: 6-7, 6-1, 6-2. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് 6-7ന് നഷ്ടപ്പെട്ടശേഷം ഉജ്ജ്വല ഫോമിലേക്ക് തിരിച്ചെത്തിയാണ് അടുത്ത രണ്ട് സെറ്റുകളും ആന്‍ഡി മുറെ സ്വന്തമാക്കിയത്. രണ്ടും മൂന്നും സെറ്റുകളില്‍ ഗാസ്ക്കറ്റിനെ നിഷ്പ്രഭനാക്കിയ മുറെ അപാരഫോമിലേക്കുയരുകയായിരുന്നു. മുറെയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞവര്‍ഷം ഫൈനലില്‍ നൊവാക് ഡോകോവിച്ചനോടാണ് മുറെ പരാജയപ്പെട്ടത്. ഫെറര്‍ ആദ്യമായാണ് മിയാമി ഫൈനലില്‍ കളിക്കുന്നത്.
ലോക അഞ്ചാം നമ്പര്‍ താരം സ്പെയിനിന്റെ ഡേവിഡ് ഫെറര്‍ ജര്‍മ്മനിയുടെ ടോമി ഹാസ്സിനെ കീഴടക്കിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെറര്‍ വിജയം പിടിച്ചെടുത്തത്. സ്കോര്‍: 4-6, 6-2, 6-3ന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശനം. നാലാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിനേയും ക്വാര്‍ട്ടറില്‍ നാലാം സീഡ് തോമസ് ബര്ഡിച്ചിനെയും കീഴടക്കി അവസാന നാലില്‍ പ്രവേശിച്ച ടോമി ഹാസ്സ് സെമിയിലും അട്ടിമറി നടത്തുമെന്ന് തോന്നിപ്പിച്ച് ആദ്യ സെറ്റ് സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടും മൂന്നും സെറ്റുകളില്‍ മികച്ച പോരാട്ടം പുറത്തെടുത്ത ഡേവിഡ് ഫെറര്‍ രണ്ടാം സെറ്റില്‍ രണ്ട് ഗെയിമും മൂന്നാം സെറ്റില്‍ മൂന്നുഗെയിമും മാത്രം വിട്ടുകൊടുത്ത് ഫൈനലിലേക്ക് കുതിച്ചു.
വനിതാ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസും മൂന്നാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവയും തമ്മില്‍ ഏറ്റുമുട്ടും. മുന്‍ ലോക ഒന്നാംനമ്പര്‍ യെലേന യാങ്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഷറപ്പോവ ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 6-2, 6-1. ഷറപ്പോവയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്. മത്സരത്തില്‍ ഒരിക്കല്‍ പോലും ഷറപ്പോവക്കെതിരെ മികച്ച പ്രകടനം നടത്താന്‍ യെലേന യാങ്കോവിച്ചിന് കഴിഞ്ഞില്ല. മറ്റൊരു സെമിയില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ് നാലാം സീഡ് ആഗ്നിയേസ്ക റഡ്വാന്‍സ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. അഞ്ച് തവണ മിയാമിയില്‍ കിരീടം ചൂടിയ സെറീന ആറാം കിരീടം ലക്ഷ്യമിട്ടാണ് ഫൈനലിനിറങ്ങുന്നത്. ഇതിന് മുമ്പ് ആറ് തവണ ഫൈനലില്‍ കളിച്ച സെറീന അഞ്ച് തവണ കിരീടം ചൂടിയിരുന്നു. 2009ലാണ് സെറീന ഇവിടെ അവസാനമായി ഫൈനല്‍ കളിച്ചത്. അന്ന് വിക്ടോറിയ അസാരങ്കയോട് പരാജയപ്പെട്ടു. ഷറപ്പോവയുടെ അഞ്ചാം ഫൈനലാണ് ഇത്തവണത്തേത്. കഴിഞ്ഞ രണ്ട് വര്‍ഷവും ഫൈനലില്‍ കളിച്ച ഷറപ്പോവ 2011-ല്‍ വിക്ടോറിയ അസാരങ്കയോടും കഴിഞ്ഞ വര്‍ഷം ആഗ്നിയേസ്ക റഡ്വാന്സ്കയോടും പരാജയപ്പെടുകയായിരുന്നു.
















