ചാങ്ങ്വാന്: ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ രാഹി സര്‍നോബത്തിന് ചരിത്രനേട്ടം. ദക്ഷിണ കൊറിയയിലെ ചാങ്ങ്വാനില് നടന്ന റൈഫിള്‍ ആന്റ് പിസ്റ്റള്‍ ലോകകപ്പില്‍ സ്വര്‍ണ്ണം നേടിയാണ് സര്‍നോബത്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സര്‍നോബത്ത് മാറി. കൊറിയയുടെ കിം ക്യോംഗെയെ 6-8 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് രാഹി ഇന്ത്യയുടെ സുവര്ണ്ണകുമാരിയായത്. കിം ക്യോംഗെ വെള്ളിയും കിം ജംഗ്മി വെങ്കലവും നേടി. രാഹി നാലാമതായാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2011-ല്‍ അമേരിക്കയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിലെ വെങ്കലമെഡല്‍ ജേത്രികൂടിയാണ് രാഹി. 2010 ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 25 മീറ്റര്‍ പിസ്റ്റല്‍ പെയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവും 25 മീറ്റര്‍ പിസ്റ്റളില്‍ വെള്ളിയും രാഹി നേടിയിട്ടുണ്ട്.
ഈ നേട്ടത്തോടെ ഐഎസ്എസ്എഫ് ലോകകപ്പില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ള എലൈറ്റ് ക്ലബ്ബിലേക്കാണ് രാഹി കയറിയത്. അഞ്ജലി ഭഗവത്, ഗഗന് നാരംഗ്, സഞ്ജീവ് രജ്പുത്, രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ്, രഞ്ജന്‍ സോധി, മാനവ്ജിത് സിംഗ് സന്ധു തുടങ്ങിയവരാണ് ക്ലബ്ബിലെ മറ്റംഗങ്ങള്‍.
മറ്റ് ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അനിഷാ സയ്യദ് 21-ാം സ്ഥാനത്തും ദേശീയ ചാമ്പ്യന്‍ സുഷമാ സിംഗ് 26-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ഈ വിജയം കൊണ്ട് തൃപ്തിയാവില്ലെന്നും കൂടുതല്‍ വിജയങ്ങള്‍ക്കായി പ്രകടനം മെച്ചപ്പെടുത്തുമെന്നും ഈ 22കാരി പറഞ്ഞു.
















