മാഡ്രിഡ്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിന് ഞെട്ടിക്കുന്ന തോല്‍വി.
മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍ ബള്‍ഗേറിയയുടെ ടീനേജ് താരം ഗ്രിഗോര്‍ ദിമിത്രോവ് ദ്യോക്കോയെ അട്ടിമറിച്ചു, സ്കോര്‍: 7-6, 6-7, 6-3. മുന്‍പ് രണ്ടു മുഖാമുഖങ്ങളിലും ഒരു സെറ്റുപോലും സ്വന്തമാക്കാനാവാത്ത ദിമിത്രോവ് നെഞ്ചുറപ്പുള്ള കളിയിലൂടെ സെര്‍ബ് സ്റ്റാറിനെ മറിച്ചിടുകയായിരുന്നു.
ആദ്യ സെറ്റില്‍ സ്കോര്‍ 5-4ല്‍ നില്‍ക്കെ ദിമിത്രോവിനെ ബ്രേക്ക് ചെയ്യാന്‍ ദ്യോക്കോയ്‌ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധി മറികടന്ന ലോക 28-ാം നമ്പര്‍ ടൈബ്രേക്കറില്‍ സെറ്റ് കൈപ്പിടിയിലാക്കി.
രണ്ടാം സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടു;ഇത്തവണ ജയം ദ്യോക്കോയ്‌ക്കൊപ്പം നിന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ നിര്‍ഭയം റാക്കറ്റ് വീശിയ ദിമിത്രോവ് സെര്‍ബിയന്‍ എതിരാളിക്കു കരിയറിലെ ഏറ്റവും കയ്‌പ്പേറിയ തോല്‍വികളിലൊന്ന് സമ്മാനിച്ചു. എനിക്കിതു മഹത്തായ ജയം.
ദ്യോക്കോയെ തോല്‍പ്പിക്കുകയെന്നാല്‍ വലിയ കാര്യമാണെന്ന് അറിയാം. പക്ഷേ, വിജയത്തില്‍ മതിമറക്കാനില്ല, മത്സരശേഷം ദിമിത്രോവ് പറഞ്ഞു.
നൊവാക്കിനെപ്പോലുള്ള വമ്പന്‍ താരങ്ങളെ വരും വര്‍ഷങ്ങളിലും നേരിടേണ്ടിവരും. അപ്പോഴൊക്കെ എന്തു സംഭവിക്കുമെന്നറില്ല. ഇതു വെറും ഒരു മത്സരംമാത്രം. അങ്ങനെയെ കരുതുന്നുള്ളു, താരം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു മത്സരത്തില്‍ ജര്‍മനിയുടെ ഫ്ലൊറൈന്‍ മെയറെ കീഴടക്കി ബ്രിട്ടന്റെ ആന്‍ഡി മുറെ കരിയറിലെ 400-ാം ജയവുമായി രണ്ടാം റൗണ്ടില്‍ കടന്നു (7-6, 7-6).
















