പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ് സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷവിഭാഗത്തില്‍ ആറാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ, നാലാം സീഡ് സ്പെയിനിന്റെ ഡേവിഡ് ഫെറര്‍, പത്താം സീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിക്, സ്പെയിനിന്റെ ഫെലിസിയാനോ ലോപ്പസ്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയികി തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ എട്ടാം സീഡ് ജര്‍മ്മനിയുടെ എ. കെര്‍ബര്‍, പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്‌വാന്‍സ്ക, ജര്‍മ്മനിയുടെ ദിന ഫിസെന്‍മെയര്‍ തുടങ്ങിയവരും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍താരവും മൂന്നാം സീഡുമായ ബള്‍ഗേറിയയുടെ വിക്ടോറിയ അസാരങ്ക രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ വിഭാഗത്തില്‍ എട്ടാം സീഡ് സെര്‍ബിയയുടെ ജാന്‍കോ തിപ്സരാവിക്ക് രണ്ടാം റൗണ്ടില്‍ കടന്നു.
ആറാം സീഡ് ജോ വില്‍ഫ്രഡ് സോംഗ ഫിന്‍ലാന്റിന്റെ ജാര്‍കോ നീമിയെനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് മൂന്നാം റൗണ്ടില്‍ കടന്നത്. ഒരു മണിക്കൂറും 56 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 7-6, 6-4, 6-3 എന്ന സ്കോറിനാണ് സോംഗ വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ സോംഗക്കെതിരെ ജാര്‍കോ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകള്‍ ഏറെക്കുറെ അനായാസമായാണ് സോംഗ സ്വന്തമാക്കിയത്.
നാലാം സീഡ് ഡേവിഡ് ഫെറര്‍ ഒരു മണിക്കൂറും 41 മിനിറ്റും നീണ്ട മത്സരത്തിനൊടുവിലാണ് നാട്ടുകാരനും സീഡ് ചെയ്യപ്പെടാത്ത താരവുമായ ആല്‍ബര്‍ട്ട് മോണ്ടനസിനെ കീഴടക്കി മൂന്നാം റൗണ്ടില്‍ സ്ഥാനമുറപ്പിച്ചത്. സ്കോര്‍: 6-2, 6-1, 6-3.
പത്താംസീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിക്ക് അനായാസ വിജയത്തോടെയാണ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. ഓസ്ട്രേലിയയുടെ നിക്കി കിര്‍ഗിയോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിലിക്ക് പരാജയപ്പെടുത്തിയത്. ഒരുമണിക്കൂറും 38 മിനിറ്റും നീണ്ട മത്സരത്തിനൊടുവില്‍ 6-4, 6-2, 6-2 എന്ന സ്കോറിനായിരുന്നു സിലിക്കിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസ് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പോര്‍ച്ചുഗലിന്റെ ജോ സോസയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ സ്ഥാനമുറപ്പിച്ചു. ആദ്യ സെറ്റ് 3-6ന് നഷ്ടമായശേഷം ശക്തമായി തിരിച്ചടിച്ചാണ് ലോപ്പസ് 6-3, 6-4, 6-4 എന്ന നിലയില്‍ മത്സരം സ്വന്തമാക്കിയത്.
വനിതാ വിഭാഗത്തില്‍ ജര്‍മ്മനിയുടെ ആഞ്ജലിക് കെര്‍ബര്‍ അനായാസ വിജയമാണ് സ്വന്തമാക്കിയത്. സ്ലോവാക്യയുടെ ജാന സെപലോവയെ 6-2, 6-2 എന്ന സെറ്റുകള്‍ക്കാണ് കെര്‍ബന്‍ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്‌വാന്‍സ്ക 6-3, 6-2 എന്ന സ്കോറിന് അമേരിക്കയുടെ മല്ലോറി ബര്‍ഡേറ്റ്യെ കീഴടക്കി മൂന്നാം റൗണ്ടില്‍ കടന്നു. ജര്‍മ്മനിയുടെ സീഡ് ചെയ്യപ്പെടാത്ത ദിന ഫിസെന്‍മെയര്‍ പോളണ്ടിന്റെ ഉര്‍സുല റഡ്‌വാന്‍സ്കയെ 6-3, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മുന്‍ ലോക ഒന്നാം നമ്പറും ടൂര്‍ണമെന്റിലെ മൂന്നാം സീഡുമായ ബള്‍ഗേറിയയുടെ വിക്ടോറിയ അസാരങ്ക 6-1, 6-4 എന്ന സ്കോറിന് റഷ്യയുടെ യെലേന വെസ്നിനയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഏഴാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടവുില്‍ ഫ്രാന്‍സിന്റെ അരവാനെ റെസായിയെ കീഴടക്കി രണ്ടാം റൗണ്ടില്‍ കടന്നു. സ്കോര്‍: 6-3, 4-6, 6-2. 12-ാം സീഡ് റഷ്യയുടെ മരിയ കിരിലെന്‍കോ പോര്‍ച്ചുഗലിന്റെ നിന ബ്രാച്ചിക്കോവയെ 6-0, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ സ്ഥാനമുറപ്പിച്ചു.
















