പാരീസ്: പതിനൊന്നുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനലില്‍ ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ റഷ്യയുടെ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന കിരീടം ചൂടിയത്. ഒരു മണിക്കൂറും 46 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 6-4 എന്ന സ്കോറിനാണ് സെറീന ഷറപ്പോവയെ കീഴടക്കി രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയത്. 31 കാരിയായ സെറീനയുടെ 16-ാം ഗ്രാന്റ് സ്ലാം കിരീടമാണിത്. ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയും സെറീനക്ക് സ്വന്തമായി. 31 വയസ്സും 247 ദിവസുമാണ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിടുമ്പോള്‍ സെറീനയുടെ പ്രായം. ഇതിന് മുമ്പ് 2002ലാണ് സെറീന ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. അന്ന് സഹോദരി വീനസ് വില്ല്യംസിനെയാണ് സെറീന കീഴടക്കിയത്.
16 മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയതില്‍ സെറീനക്കെതിരെ ഷറപ്പോവയുടെ തുടര്‍ച്ചയായ 10-ാം പരാജയമാണിത്. 14 തവണയും വിജയം സെറീനക്കൊപ്പം നിന്നു. 2004-ലെ വിംബിള്‍ഡണ്‍ ഫൈനലിലും ഡബ്ല്യൂടിഎ ചാമ്പ്യന്‍ഷിപ്പിലും ഷറപ്പോവ സെറീനയെ പരാജയപ്പെടുത്തിയിരുന്നു. 1995-ന് ശേഷം ആദ്യമായാണ് ആദ്യ രണ്ട് സീഡുകള്‍ തമ്മില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയത്.
ഇന്ന് നടക്കുന്ന പുരുഷവിഭാഗം ഫൈനലില്‍ സ്പാനിഷ് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടും. മൂന്നാം സീഡ് റാഫേല്‍ നദാലും നാലാം സീഡ് ഡേവിഡ് ഫെററുമാണ് ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിനെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ ഡോകോവിച്ചിനെ കീഴടക്കിയത്.
ഫ്രഞ്ച് ഓപ്പണിലെ നദാലിന്റെ തുടര്‍ച്ചയായ നാലാം ഫൈനല്‍ പ്രവേശനമാണിത്. ആറാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ തോല്‍പ്പിച്ചാണ് ഫെറര്‍ ഫൈനലിലെത്തിയത്. മൂന്നു സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ഫെററുടെ ജയം. സ്കോര്‍ 6-1, 7-6, 6-2. ഫെററുടെ ആദ്യ ഗ്രാന്റ്സ്ലാം ഫൈനലാണിത്.
















