ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ വനിതാ വിഭാഗം സിംഗിള്‍സില്‍ എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ കിറ്റോവ, 11-ാം സീഡ് ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി, അമേരിക്കയുടെ സോളന്‍ സ്റ്റെഫാന്‍സ് തുടങ്ങിയവര്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്റെ സ്റ്റെപാനക് സഖ്യവും മഹേഷ് ഭൂപതി ജൂലിയന്‍ നോള്‍ സഖ്യവും മൂന്നാം റൗണ്ടിലെത്തി. പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡോസ്ക, 20-ാം സീഡ് റഷ്യയുടെ മിഖായേല്‍ യോഷ്ണി, 22-ാം സീഡ് അര്‍ജന്റീനയുടെ ജുവാന്‍ മൊണാക്കോ, ഇറ്റലിയുടെ ആന്ദ്രെ സെപ്പി തുടങ്ങിയവരും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ പെട്രാ കിറ്റോവ റഷ്യയുടെ 25-ാം സീഡ് ഏകതറീന മകരോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-3, 2-6, 6-3. 11-ാം സീഡ് റോബര്‍ട്ട വിന്‍സി 18-ാം സീഡ് സ്ലോവാക്യയുടെ ഡൊമിനിക സിബുലകോവയെ 6-1, 6-4 എന്ന സ്കോറിന് മറികടന്നാണ് അവസാന പതിനാറില്‍ ഇടംപിടിച്ചത്. അമേരിക്കയുടെ സ്റ്റെഫാന്‍സ് ചെക്ക് താരം പെട്രാ സെറ്റ്‌വോസ്ക 7-6, 0-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി.
പുരുഷ വിഭാഗത്തില്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡോസ്ക ലാത്‌വിയയുടെ ഏണസ്റ്റ് ഗുല്‍ബിസിനെ 6-2, 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി അവസാന 16-ല്‍ സ്ഥാനം പിടിച്ചു. റഷ്യയുടെ മിഖായേല്‍ യോഷ്ണി സെര്‍ബിയയുടെ ട്രോസിക്കിയെ 6-3, 6-4, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി. അര്‍ജന്റീനയുടെ ജുവാന്‍ മെണാക്കോ ഫ്രാന്‍സിന്റെ സ്കെപ്പറിനെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ലോക രണ്ടാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ, നാലാം സീഡ് സ്പെയിനിന്റെ ഡേവിഡ് ഫെറര്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസം നാലാം റൗണ്ടിലെത്തിയിരുന്നു.
പുരുഷ വിഭാഗം ഡബിള്‍സില്‍ നാലാം സീഡ് ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസും ചെക്ക് റിപ്പബ്ലിക്കിന്റെ സ്റ്റെപാനകും ഉള്‍പ്പെട്ട സഖ്യം ഇംഗ്ലണ്ടിന്റെ ജെമി ഡെല്‍ഗാഡോ-ആസ്ട്രേലിയയുടെ മാത്യു എബ്ഡന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍: 6-4, 6-4, 6-3. മറ്റൊരു ഇന്ത്യന്‍ താരവും എട്ടാം സീഡുമായ മഹേഷ് ഭൂപതി-ജൂലിയന്‍ ഗനാള്‍ സഖ്യം അമേരിക്കയുടെ നിക്കോളാസ് മോണ്‍റെ-ജര്‍മ്മനിയുടെ സിമോണ്‍ സ്റ്റാഡ്ലര്‍ സഖ്യത്തെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍: 6-3, 4-6, 4-6, 2-6.
















