ന്യൂദല്‍ഹി: ഈ വര്‍ഷത്തെ അര്‍ജുന, ഖേല്‍ രത്ന പുരസ്കാരങ്ങള്‍ക്കുള്ള സാധ്യത പട്ടികയായി. എട്ട് മലയാളികള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പുരസ്കാരങ്ങള്‍ക്ക് കിട്ടിയ അപേക്ഷയില്‍ നിന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സ്ക്രീനിങ് കമ്മിറ്റിയാണ് സാധ്യത പട്ടിക തയാറാക്കിയത്.
മയൂഖ ജോണി, എം.എം പ്രജുഷ, ടിന്റു ലൂക്ക, രഞ്ജിത് മഹേശ്വരി എന്നിവര്‍ അത്‌ലറ്റിക് വിഭാഗത്തില്‍ നിന്നും അര്‍ജുന അവാര്‍ഡിന്റെ പട്ടികയില്‍ ഇടം കണ്ടെത്തി. ബാസ്കര്‍ ബോള്‍ താരം ഗീതു അന്നാ ജോസ്, ബില്യാര്‍ഡ്സ് താരം വിദ്യ വിശ്വനാഥന്‍ പിള്ള, തുഴച്ചിലില്‍ സജി തോമസ്, വോളിബോളില്‍ ടോം തോമസ് എന്നിവരും അര്‍ജുന അവാര്‍ഡിന്റെ സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ക്രിക്കറ്റില്‍ നിന്നും വിരാട് കോഹ്‌ലിയുടെ പേരാണ് അര്‍ജുന അവാര്‍ഡിനായി പരിഗണീച്ചിരിക്കുന്നത്. ഖേല്‍ രത്ന പുരസ്കാരത്തിന് അത്‌ലറ്റിക് താരം കൃഷ്ണ പൂനിയ, ഹോക്കി താരം സന്ദീപ് സിംഗ്, ടെന്നീസ് താരം സോംദേവ് വര്‍മ്മന്‍ എന്നിവരുള്‍പ്പടെ ഏഴു പേര്‍ പട്ടികയിലുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ ആരെയും ഖേല്‍ രത്നയ്‌ക്ക് പരിഗണിച്ചിട്ടില്ല. കെ.പി തോമസ്, എസ് ബാലചന്ദ്രന്‍ നായര്‍, ജോസ് ജേക്കബ് എന്നിവരാണ് ദ്രോണാചാര്യ അവാര്‍ഡിനായുള്ള പട്ടികയിലെ മലയാളികള്‍.
ധ്യാന്‍ചന്ദ് സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്കാരത്തിനായി ബോബി അലോഷ്യസ്, ഗബ്രിയേല്‍ ജോസഫ്, ജോസ് ജേക്കബ്, ടി.പി.പി നായര്‍ എന്നിവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നും സുനില്‍ ഗവാസ്കറെയാണ് ധ്യാന്‍ ചന്ദ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ജൂലൈ അവസാനം അവാര്‍ഡുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമാകും.
















