ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച് എട്ടാം സീഡ് അര്‍ജന്റീനയുടെ ജുവാന്‍ ഡെല്‍ പോട്രോ തുടങ്ങിയവര്‍ സെമിഫൈനലില്‍ പ്രവേശിച്ചു.
ഏഴാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഡോകോവിച്ച് അവസാന നാലിലേക്ക് കുതിച്ചത്. രണ്ട് മണിക്കൂറും 15 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡോകോവിച്ച് 7-6, 6-4, 6-3 എന്ന സ്കോറിന് ബര്‍ഡിച്ചിനെ മറികടന്നത്. ഒരു മണിക്കൂറിലേറെ നീണ്ട ഒന്നാം സെറ്റില്‍ മാത്രമാണ് ബര്‍ഡിച്ചിന് ഡോകോവിച്ചിനെതിരെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത്.
നാലാം സീഡ് സ്പെയിനിന്റെ ഡേവിഡ് ഫെററെ അട്ടിമറിച്ച് അര്‍ജന്റീനന്‍ താരം ജുവാന്‍ ഡെല്‍ പോട്രോയും സെമിയില്‍ പ്രവേശിച്ചു. രണ്ട് മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡേവിഡ് ഫെറര്‍ പോട്രോയോട് കീഴടങ്ങിയത്. സ്കോര്‍: 6-2, 6-4, 7-6.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ സഖ്യവും സാനിയ മിര്‍സ സഖ്യവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഏഴാം സീഡ് രോഹന്‍ ബൊപ്പണ്ണ-ചൈനയുടെ ജെന്‍ ഷിങ് സഖ്യം മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സ്വീഡന്റെ ജോണ്‍ ബണ്‍സ്റ്റോം, ഹംഗറിയുടെ കറ്റാലിന്‍ മറോസി സഖ്യത്തെ കീഴക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 7-6, 3-6, 6-1.
രണ്ടാം സീഡ് ഇന്ത്യയുടെ സാനിയ മിര്‍സ-റുമാനിയയുടെ ഹോറിയ ടേക്കു സഖ്യം അമേരിക്കന്‍ ഫ്രഞ്ച് ജോഡികളായ എറിക് ബുട്ടോറക്-അലീസ കോര്‍നെറ്റ് സഖ്യത്തെ 6-1, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ബൊപ്പണ്ണ ഫ്രാന്‍സിന്റെ എഡ്വേഡ് റോജര്‍ വാസലിന്‍ ജോഡി സെമിഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഭൂപതി സഖ്യത്തെ പരാജയപ്പെടുത്തിയ അമേരിക്കയുടെ ബ്രയാന്‍ സഹോദരന്മാരാണ് ബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളികള്‍. മറ്റൊരു ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസ് സഖ്യവും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ ജൂലിയന്‍ ബെന്നാറ്റ്യൂ-സെര്‍ബിയയുടെ സിംനോജിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് പേസ് സഖ്യം സെമിയില്‍ പ്രവേശിച്ചത്.
വനിതാ വിഭാഗം സിംഗിള്‍സില്‍ 15-ാം സീഡ് ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ട്ടോളിയും 20-ാം സീഡ് ബല്‍ജിയത്തിന്റെ ക്രിസ്റ്റ്യന്‍ ഫ്ലിപ്കെന്‍സും സെമിയില്‍ പ്രവേശിച്ചു. എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ കിറ്റോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഫ്ലിപ്കെന്‍സ് സെമിയില്‍ പ്രവേശിച്ചത്. സ്കോര്‍: 6-4, 3-6, 4-6. പതിനേഴാം സീഡ് അമേരിക്കയുടെ സോളന്‍ സ്റ്റെഫാന്‍സിനെ 6-4, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മരിയന്‍ ബര്‍ട്ടോളി അവസാന നാലില്‍ ഇടംപിടിച്ചത്. സെമിയില്‍ ബര്‍ട്ടോളി ഫ്ലിപ്കെന്‍സിനെയും ലിസിക്കി റഡ്‌വാന്‍സ്കയെയും നേരിടും.
















