ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം കിരീടം പതിനഞ്ചാം സീഡ് ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ട്ടോളിക്ക്. തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തില്‍ 23-ാം സീഡ് ജര്‍മ്മനിയുടെ സബൈന ലിസിക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ബര്‍ട്ടോളി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. 81 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 6-1, 6-4 എന്ന സ്കോറിനാണ് ബര്‍ട്ടോളി തന്റെ ആദ്യ ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കിയത്. 2007-ല്‍ ബര്‍ട്ടോളി വിംബിള്‍ഡണിന്റെ ഫൈനലില്‍ കളിച്ചെങ്കിലും അന്ന് അമേരിക്കയുടെ വീനസ് വില്ല്യംസിനോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണില്‍ രണ്ടാം റൗണ്ടില്‍ ബര്‍ട്ടോളി പുറത്തായിരുന്നു.
30 മിനിറ്റ് മാത്രം നീണ്ട ആദ്യ സെറ്റില്‍ ലിസിക്കിക്ക് ബര്‍ട്ടോളിക്കെതിരെ മികച്ച പോരാട്ടം നടത്താന്‍ കഴിഞ്ഞില്ല. മൂന്നാം ഗെയിമില്‍ ലിസിക്കിയുടെ സര്‍വ് ബ്രേക്ക് ചെയ്ത ബര്‍ട്ടോളി നാലാം ഗെയിമില്‍ തന്റെ സര്‍വ് നിലനിര്‍ത്തിയതോടെ 3-1ന് മുന്നിലെത്തി. പിന്നീട് അഞ്ചാം ഗെയിമിലും ഏഴാം ഗെയിമിലും ബര്‍ട്ടോളി ലിസിക്കിയെ ബ്രേക്ക് ചെയ്യുകയും ചെയ്തതോടെ 6-1ന് ആദ്യ സെറ്റ് സ്വന്തമാക്കി. ആദ്യ ഗെയിമിന്റെ തനിയാവര്‍ത്തനമെന്നോണം ലിസിക്കിയുടെ സര്‍വ് ബ്രേക്ക് ചെയ്ത ബര്‍ട്ടോളി 5-1ന് ലീഡ് നേടിയതോടെ മത്സരം ഏകപക്ഷീയമാകുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ പിന്നീട് രണ്ട് തവണ ബര്‍ട്ടോളിയുടെ സര്‍വ്വീസ് ബ്രേക്ക് ചെയ്യുകയും സ്വന്തം സര്‍വ് പോയിന്റാക്കിമാറ്റുകയും ചെയ്തതോടെ 5-4 എന്ന നിലയിലെത്തി. എന്നാല്‍ നിര്‍ണായകമായ 10-ാം ഗെയിമില്‍ തന്റെ സര്‍വ് നിലനിര്‍ത്തിയതോടെ മരിയന്‍ ബര്‍ട്ടോളി തന്റെ ആദ്യ ഗ്രാന്റ്സ്ലാം കിരീടത്തില്‍ മുത്തമിട്ടു. ഒരു എയ്സിലൂടെയാണ് ബര്‍ട്ടോളി കിരീടത്തിലെത്തിയത്.
2006നുശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് താരം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്നത്. 2006-ല്‍ അമേലി മൗറിസ്മോയാണ് ഇതിന് മുമ്പ് വിംബിള്‍ഡണില്‍ മുത്തമിട്ടത്. ബല്‍ജിയത്തിന്റെ ജസ്റ്റിന്‍ ഹെനിനെ കീഴടക്കിയായിരുന്നു മൗറിസ്മോയുടെ കിരീടധാരണം.
ഇന്ന് നടക്കുന്ന പുരുഷ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചും രണ്ടാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെയും തമ്മില്‍ ഏറ്റുമുട്ടും.
പോളണ്ടിന്റെ ജെര്‍സി ജാനോവിക്കിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് മുറെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ ഫൈനലിന് യോഗ്യത നേടിയത്. കഴിഞ്ഞവര്‍ഷം ഫൈനലില്‍ റോജര്‍ ഫെഡററാണ് മുറെ ഫൈനലില്‍ കീഴടക്കിയത്.
അതേസമയം ഒരു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഡോകോവിച്ച് ഫൈനലില്‍ പ്രവേശിക്കുന്നത്. 2011-ലെ ചാമ്പ്യനായ ഡോകോവിച്ച് കഴിഞ്ഞ വര്‍ഷം സെമിഫൈനലില്‍ പരാജയപ്പെട്ടിരുന്നു. അര്‍ജന്റീനയുടെ ജുവാന്‍ ഡെല്‍ പോട്രോയെ കീഴടക്കിയാണ് ഇത്തവണ ഡോകോവിച്ച് ഫൈനലില്‍ പ്രവേശിച്ചത്.
















