പാരീസ്: ആറ് വര്‍ഷത്തെ ഇടവേളക്കുശേഷം മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്റിന്റെ മാര്‍ട്ടിന ഹിംഗിസ് വീണ്ടും കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ ഡബിള്സിലൂടെയാണ് 32കാരിയായ ഹിംഗിസ് തിരിച്ചുവരുന്നത്. കൗമാരപ്രായത്തില്‍ തന്നെ വന്‍ നേട്ടങ്ങള്‍ കൊയ്ത് ടെന്നീസിനോട് വിടപറഞ്ഞ സ്വിസ് താരത്തിന്റെ രണ്ടാം മടങ്ങിവരവാണിത്.
17-ാം വയസ്സില്‍ മൂന്ന് ഗ്രാന്സ്ലാമുകള് സ്വന്തമാക്കി ടെന്നീസ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടാണ് ഹിംഗിസ് കടന്നുവന്നത്. ചെറുപ്രായത്തില്‍ തന്നെ അഞ്ച് സിംഗിള്‍സ് ഗ്രാന്‍സ്ലാമും ഒന്‍പത് ഡബിള്‍സ് ഗ്രാന്റ്സ്ലാമും നേടി. പിന്നീട് തുടര്‍ച്ചയായി അലട്ടിയ പരിക്കിനെ തുടര്‍ന്ന് 2002ല്‍ 22-ാം വയസ്സില്‍ കോര്‍ട്ടിനോട് വിടപറഞ്ഞു. പിന്നീട് 2006-ല്‍ വീണ്ടും കോര്‍ട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 2007-ല്‍ വിംബിള്‍ഡണ്‍ മത്സരത്തിനിടെ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതോടെ 26-ാം വയസ്സില്‍ ഹിംഗിസ് കളി മതിയാക്കുകയായിരുന്നു.
സതേണ്‍ കാലിഫോര്‍ണിയ ഓപ്പണില്‍ സ്ലോവാക്യയുടെ ഡാനിയേല ഹന്റുച്ചോവയുമായി ചേര്‍ന്നാണ് ഹിംഗിസ് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞയാഴ്ച ഹോള്‍ ഓഫ് ഫെയിം ബഹുമതി സ്വന്തമാക്കി ഹിംഗിസ് വാര്‍ത്തയില്‍ ഇടംനേടിയിരുന്നു.
















