മെഡലിന് (കൊളംബിയ): ലോക മൂന്നാം നമ്പര്‍ താരം ദീപികാ കുമാരിയുടെ മികവില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. കൊളംബിയയിലെ മെഡലിനില്‍ നടന്ന വനിതാ വിഭാഗം റിക്കര്‍വ് ടീം ഇനത്തില്‍ ഒന്നാം റാങ്കുകാരായ ചൈനയുടെ വെല്ലുവിളി മറികടന്നാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. ദീപികാ കുമാരി, ബൊംബെയ്ല ദേവി, റിമില്‍ ബുറിയൂലി എന്നിവരുള്‍പ്പെട്ട ടീമാണ് ഇന്ത്യക്ക് സ്വര്‍ണ്ണം നേടിക്കൊടുത്തത്.
ഫൈനലില്‍ ചൈനീസ് ടീമിനെ 201-186 എന്ന സ്കോറിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പിന്റെ ടീം ഇനത്തില്‍ സ്വര്‍ണം നേടുന്നത്. പിന്നീട് അതാനു ദാസിനൊപ്പം മിക്സഡ് ഡബിള്‍സ് മത്സരത്തിനിറങ്ങിയ ദീപിക സഖ്യം വെങ്കലം നേടി. മെക്സിക്കോയെ 150-132 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ജോഡികള്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയത്.
കഴിഞ്ഞ ദിവസം പുരുഷ വിഭാഗം കോമ്പൗണ്ട് ഇനത്തില്‍ ഇന്ത്യന്‍ ടീം വെങ്കലം കരസ്ഥമാക്കിയിരുന്നു.രജത് ചൗഹാന്, സന്ദീപ് കുമാര്‍, രത്തന്‍ സിംഗ് എന്നിവരടങ്ങുന്ന ടീമിനാണ് വെങ്കലം ലഭിച്ചത്.
ഒരു സ്വര്‍ണവും രണ്ട് വെങ്കലവും നേടിയ ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കി. രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഒമ്പത് മെഡലുകള്‍ നേടിയ അമേരിക്കയാണ് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം ചൈനയും മൂന്നാം സ്ഥാനം കൊളംബിയയും കരസ്ഥമാക്കി.
















