ചോങ്ക്വിങ്: ലോക യൂത്ത് ചെസ്സ് ഒളിമ്പ്യാഡില്‍ കിരീടം ഇന്ത്യക്ക്. ചൈനയിലെ ചോങ്ക്വിങ്ങില്‍ നടന്ന അണ്ടര്‍ 16 ലോക യൂത്ത് ചെസ്സ് ഒളിമ്പ്യാഡിന്റെ അവസാന റൗണ്ടില്‍ ഇറാനെ (3.5-0.5) കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. അഞ്ച് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യ യൂത്ത് ഒളിമ്പ്യാഡില്‍ കിരീടം നേടുന്നത്. പത്തുറൗണ്ടുകളുള്ള ഒളിമ്പ്യാഡില്‍ ഒരു റൗണ്ടും പരാജയപ്പെടാതെ 18 പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 10 റൗണ്ടുകളില്‍ എട്ട് വിജയവും രണ്ട് സമനിലയുമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. കരുത്തന്മാരായ റഷ്യയും ചൈനയും ഇന്ത്യന്‍ യുവപോരാളികളുടെ പടയോട്ടത്തില്‍ പരാജയപ്പെട്ടിരുന്നു. ഒളിമ്പ്യാഡിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ഇന്ത്യന്‍ കിരീടധാരണം. 2007-ല്‍ സിംഗപ്പൂരിലും 2008-ല്‍ തുര്‍ക്കിയിലുമായിരുന്നു ഇതിന് മുമ്പ് ഇന്ത്യന്‍ കിരീടധാരണം. കഴിഞ്ഞവര്‍ഷം ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരും ടോപ് സീഡുകളുമായ റഷ്യ രണ്ടാം സ്ഥാനവും തുര്‍ക്കി മൂന്നാം സ്ഥാനവും സ്വന്തമാക്കി. അവസാന റൗണ്ടില്‍ റഷ്യ ഓസ്ട്രേലിയയെയും തുര്‍ക്കി ആതിഥേയരായ ചൈനയെയുമാണ് കീഴടക്കിയത്.
അവസാനറൗണ്ടില്‍ അണ്ടര്‍ 10 ദേശീയ ചാമ്പ്യന്‍ സായന്തന്‍ ദാസ്, ഇന്റര്‍ാനാഷണല്‍ മാസ്റ്റര്‍ ഷര്‍ദുല്‍ അണ്ണാസാഹേബ് ഗഗാരെ, ദീപ്തായന്‍ ഘോഷ് എന്നിവര്‍ ഇറാനിയന്‍ എതിരാളികള്‍ക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത്.
ഒന്നാം ബോര്‍ഡില്‍ മഹാരാഷ്‌ട്രക്കാരന്‍ ഇന്റര്‍ നാഷണല്‍ മാസ്റ്റര്‍ ഷാര്‍ദുല്‍ ഗഗാരെ ഇറാന്റെ അഹമ്മദ് അസ്ഗാരി സഡാഹിനേയും ബംഗാള്‍ സ്വദേശി ദീപ്തായന്‍ ഘോഷ് രണ്ടാം ബോര്‍ഡില്‍ ഷാഹിന്‍ ലോപാരി സന്‍ഗിനായേയും ദേശീയ അണ്ടര്‍ 10 ചാംപ്യന്‍ സായന്തന്‍ ദാസ് മൂന്നാം ബോര്‍ഡില്‍ സെയ്ദ് ഖലീല്‍ മൗസാവിയേയുമാണ് കീഴടക്കിയത്. കിരീടത്തോടൊപ്പം സായന്തന്‍ ദാസിന് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിയും ലഭിച്ചു.
അതേസമയം നാലാം ബോര്‍ഡില്‍ തമിഴ്‌നാടുകാരന്‍ കാര്‍ത്തികേയന്‍ മുരളിയും വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ സാറ സദാത്ത് ഖഡാമലും സമനിലയായി.
ബോര്‍ഡ് സ്റ്റാന്റിങ് പ്രകാരം നാലാം ബോര്‍ഡില്‍ സായന്തന്‍ ദാസിനാണ് സ്വര്‍ണമെഡല്‍. മൂന്നാം ബോര്‍ഡില്‍ ദീപ്തായന്‍ വെള്ളിയും ഒന്നും രണ്ടും ബോര്‍ഡുകളില്‍ ഷര്‍ദുലും കാര്‍ത്തികേയന്‍ മുരളിയും വെങ്കലത്തിനും അര്‍ഹരായി.
10 റൗണ്ടുകളില്‍ നിന്ന് 8.5 പോയിന്റ് നേടി ദീപ്തായനാണ് ഇന്ത്യന്‍ താരങ്ങളില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയത്. ഒമ്പത് കളികളില്‍ നിന്ന് സായന്തന്‍ 7.5 പോയിന്റ് നേടിയപ്പോള്‍ ഷര്‍ദുല്‍ 9 കളികളില്‍ നിന്ന് 6 പോയിന്റും പത്തുകളികളില്‍ നിന്ന് മുരളി കാര്‍ത്തികേയന്‍ 6.5 പോയിന്റും കരസ്ഥമാക്കി.
















