ന്യൂദല്‍ഹി: പ്രഥമ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ താരലേലം ഇന്ന്. ദല്‍ഹിയില്‍ നടക്കുന്ന ലേലത്തിന് ബോബ് ഹെയ്ട്ടന്‍ നേതൃത്വം നല്‍കും. ഹൈദരാബാദ് ഹോട്ട്ഷോട്സ്, ബംഗാ ബീറ്റ്സ്, ലക്നോ വാരിയേഴ്സ്, മുംബൈ മാസ്റ്റേഴ്സ്, പൂന പിസ്റ്റണ്‍സ്, ദല്‍ഹി സ്മാഷേസ് എന്നീ ആറ് ഫ്രാഞ്ചൈസികളാണ് ആദ്യ പതിപ്പിലുള്ളത്. ഓരോ ടീമിലും 11 പേരാണ് ഉണ്ടാവുക. ഇതില്‍ നാല് പേര്‍ വിദേശ താരങ്ങളായിരിക്കും. സൂപ്പര്‍ താരം സൈന നെഹ്‌വാള്‍, ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ, പി. കശ്യപ്, പി.വി. സിന്ധു, ലോക ഒന്നാം നമ്പര്‍ മലേഷ്യയുടെ ലീ ചോംഗ് വേയ് എന്നിവരാണ് ഐക്കണ്‍ താരങ്ങള്‍. ജ്വാലയും അശ്വിനിയും ഡബിള്‍സിലാണ് പങ്കെടുക്കുക.
ഓരോ ഐക്കണ്‍ താരത്തിനും 50,000 ഡോളറാണ് അടിസ്ഥാനവില. ഇവര്‍ക്ക് പുറമെ ലോകത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ബാഡ്മിന്റണ്‍ ലീഗില്‍ പങ്കെടുക്കും. വനിതകളില്‍ ജര്‍മനിയുടെ ജൂലിയന്‍ ഷെങ്കിനും തായ്‌ലന്‍ഡിന്റെ രത്ചാനോക്ക് ഇന്റാനോനും അരലക്ഷം ഡോളറാണ് അടിസ്ഥാന വില.
ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി ഒന്നരക്കോടി രൂപവരെ മുടക്കാം. ആറ് കോടി രൂപയാണ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക. ഓഗസ്റ്റ് 14ന് ദല്‍ഹി സ്മാഷേഴ്സും പൂന പിസ്റ്റണ്‍സും തമ്മില്‍ ദല്‍ഹിയിലാണ് ഉദ്ഘാടന മത്സരം. ഓഗസ്റ്റ് 31ന് അവസാനിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 18 മത്സരങ്ങളുണ്ടാകും. ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ തമ്മില്‍ സെമി കളിക്കും. സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഇനങ്ങളില്‍ മത്സരമുണ്ടാകും.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോയിയേഷനാണ് ഐബിഎല്‍ സംഘടിപ്പിക്കുന്നത്. ബോളിവുഡ് താരം അമിര്‍ ഖാനും ദീപിക പദുക്കോണുമാണ് ഐബിഎലിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍.
















