കോട്ടയം: ചാന്നാനിക്കാട് ഗ്രാമത്തിന് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചെന്ന വാര്‍ത്തയെത്തിയത്. ചാന്നാനിക്കാട് പടിഞ്ഞാറേ കരോട്ട് വീട്ടില്‍ രാധാകൃഷ്ണന്റെയും മഹേശ്വരിയുടെയും മകന് രഞ്ജിത് മഹേശ്വരി നാടിനഭിമാനമാകുന്നത് ഇതാദ്യമല്ല. എന്നിരുന്നാലും തങ്ങളുടെ സ്വകാര്യ അഹങ്കാരത്തിന് രാഷ്ട്രത്തിന്റെ ആദരം കൂടി ലഭിച്ചതില്‍ മഹേശ്വരിയുടെ വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരും ആഹ്ലാദം പങ്കിടുന്ന കാഴ്ചയാണ് ചാന്നാനിക്കാട് കാണുന്നത്.
ഇനിയും കൂടുതല്‍ ഉയരങ്ങള്‍ ചാടിക്കടക്കാന്‍ ഈ അംഗീകാരം ഇടയാകട്ടെയെന്നാണ് രഞ്ജിത്തിനും മാതാപിതാക്കള്‍ക്കും ഒപ്പം നാട്ടുകാരും പ്രാര്‍ഥിക്കുന്നത്. മോസ്കോയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രഞ്ജിത്തിന്റെ വിളിയോടെയാണ് മാതാപിതാക്കള്‍ തങ്ങളുടെ മകനുകിട്ടിയ അംഗീകാരം സ്ഥിരീകരിച്ചത്.
ചാന്നാനിക്കാട് സി.എം.എസ്. എല്‍.പി.എസില്‍ വിദ്യാഭ്യാസം ആരംഭിച്ച കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസിലും കൊല്ലം എസ്.എന്‍ കോളജിലുമായാണ് രഞ്ജിത്ത് പഠനം പൂര്‍ത്തിയാക്കിയത്. കോട്ടയം നെഹ്റു സ്റ്റേഡിയമായിരുന്നു രഞ്ജിത്തിന്റെ പ്രധാന പരിശീലന വേദി.
ന്യൂദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ സ്വര്‍ണവും നേടിയ രഞ്ജിത് നിലവില്‍ ട്രിപ്പിള്‍ജമ്പിലെ ദേശീയ റെക്കോഡിന്റെ ഉടമയാണ്. 2003 ഇന്റര്‍വാഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ ദേശീയറിക്കാര്‍ഡ് തകര്‍ത്ത് സ്വര്‍ണം നേടിയ ഈ കോട്ടയത്തുകാരന് 2004ല്‍ ജൂണിയര്‍ നാഷണല്‍ മീറ്റില്‍ റിക്കാര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കി കായികലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. 2005 ഒടുവില്‍ ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ 16.39മീറ്റര്‍ ചാടി രഞ്ജിത്ത് 2006ല്‍ 16.50 മീറ്റര്‍ ചാടി താന്‍ ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്പുകയാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു.
2006ല്‍ ദോഹ ഏഷ്യാഡില്‍ മെഡല്പ്രതീക്ഷിച്ചിരുന്നെങ്കിലും നാലാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന രഞ്ജിത് 2007 ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ മൂന്നു സ്വര്‍ണംനേടി തന്റെ ജൈത്രയാത്ര തുടര്‍ന്നു. ആ വര്‍ഷം തന്നെ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ദേശീയ റിക്കാര്‍ഡ് മറികടന്ന് 17.03 മീറ്ററാണ് രഞ്ജിത്ത് ഇവിടെ ചാടിയത്. 2009ല്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 11-ാമനായാണ് രഞ്ജിത്ത് ഫിനിഷ് ചെയ്തത.് പിന്നീടുനടന്ന ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ 16.60 ചാടി മികവു തെളിയിച്ചു.
കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗ്രാന്റ്പ്രീയില്‍ സ്വര്‍ണവും നേടിയിരുന്നു. അച്ഛനും അമ്മയും ഭാര്യയും രണ്ടുമാസം പ്രായമായ പെണ്കുഞ്ഞുമടങ്ങിയതാണ് രഞ്ജിത്തിന്റെ കുടുംബം. പോള്‍ വാള്‍ട്ടറും ദേശീയ താരവുമായ വി.എസ്. ശ്രീരേഖയാണ് രഞ്ജിത്തിന്റെ ഭാര്യ. ജിയാ രഞ്ജിത്ത് ഏക മകളാണ്.
















