ഗ്വാങ്ങ്ഷു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ യുവ പ്രതിഭ പി.വി. സിന്ധുവിന്റെ സ്വപ്നതുല്യമായ കുതിപ്പിന് വിരാമം. സെമിയില്‍ ലോക മൂന്നാം നമ്പര്‍ തായ്ലന്റിന്റെ രത്ചനോക് ഇന്തനോണിനു മുന്നില്‍ സിന്ധു മുട്ടുകുത്തി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തായ് താരത്തിന്റെ വിജയം സ്കോര്‍: 21 -10, 21-13. പരാജയപ്പെട്ടെങ്കിലും വെങ്കലത്തോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറുകയെന്ന അപൂര്‍വനേട്ടത്തോടെ സിന്ധു രാജ്യത്തിന്റെ അഭിമാനമായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍നേടുന്ന ആദ്യ ഇന്ത്യന്‍ പെണ്‍കൊടി കൂടിയാണ് സിന്ധു.
വനിതകളില്‍ സൂപ്പര്‍ താരം സൈന നെവാളും പുരുഷ വിഭാഗത്തിലെ പ്രതീക്ഷയായിരുന്നു പി. കശ്യപും ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ ഇയോണ്‍ ജു ബെയാണ് സൈനയുടെ വഴിമുടക്കിയത് (23-21, 21-9). കശ്യപിനെ ചൈനയുടെ ഡു പെങ്ങ് യു പുറത്തേക്കടിച്ചു (21-16, 20-22, 15-21).
സെമിയിലേക്കുള്ള പ്രയാണത്തിനിടെ ചൈനയുടെ മുന്‍നിര താരങ്ങളെ തറപറ്റിച്ച സിന്ധുവിന് പക്ഷേ തായ് എതിരാളിയോട് കിടപിടിക്കാനായില്ല. ചടുലതയോടെ കളിച്ച ഇന്തനോണ് ഉശിരന്‍ സ്ട്രോക്കുകളിലൂടെ സിന്ധുവിനെ നിഷ്പ്രഭയാക്കി. തുടര്‍ച്ചയായി വരുത്തിയ പിഴവുകളും ഇന്ത്യന്‍ താരത്തിന്റെ പ്രതീക്ഷകളെ പിന്നോട്ടടിച്ചു.
ഷോട്ടുകള്‍ മനോഹരമായി ഇടകലര്‍ത്തിയാണ് ഇന്തനോണ് സിന്ധുവിന്റെ അട്ടിമറി മോഹങ്ങളെ നുള്ളിക്കളഞ്ഞത്. ആദ്യ ഗെയിമില്‍ 11-4 നു വമ്പന്‍ ലീഡെടുത്ത ഇന്തനോണ് പിന്നെ തിരിഞ്ഞുനോക്കിയില്ല. തന്ത്രപരമായ ഡ്രോപ്പുകളിലൂടെയും ഉശിരന്‍ സ്മാഷുകളിലൂടെയും അതിവേഗം മുന്‍തൂക്കം വര്‍ധിപ്പിച്ച തായ് സാന്നിധ്യം ആദ്യ ഗെയിം അനായാസം പിടിച്ചെടുത്തു.
രണ്ടാം ഗെയിമിലും സിന്ധു താളംകണ്ടെത്തിയില്ല. ഷോട്ടുകളുടെ ഗതി നിര്‍ണയിക്കുന്നതിലും സിന്ധുവിന് പിഴച്ചപ്പോള്‍ ഇന്തനോണ് 8-1ന്റ ആധിപത്യം നേടി. പിന്നീട് സ്കോര്‍ 11-5ല്‍ എത്തിക്കാന്‍ സിന്ധുവിന് കഴിഞ്ഞു. പക്ഷേ, അളന്നുമുറിച്ച റിട്ടേണുകള്‍ തൊടുത്ത ഇന്തനോണ് വിജയത്തിലേക്ക് കുതിച്ചു.
















