ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സഖ്യത്തിന്. ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനകുമായി ചേര്‍ന്നാണ് പേസ് സഖ്യം യുഎസ് ഓപ്പണില്‍ വെന്നിക്കൊടി പാറിച്ചത്. കിരീട നേട്ടത്തോടെ മറ്റൊരു ബഹുമതി കൂടി പേസ് സ്വന്തമാക്കി. 40 വയസ്സിന് മേല്‍ പ്രായത്തില്‍ ഗ്രാന്റ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരമെന്ന ബഹുമതിയാണ് ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് സ്വന്തമാക്കിയത്. കഴിഞ്ഞ ജൂണ്‍ 17നാണ് പേസിന് 40 വയസ്സ് തികഞ്ഞത്.
ഫൈനലില്‍ നാലാം സീഡുകളായ പേസ്-സ്റ്റെപാനക് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് രണ്ടാം സീഡുകളായ ഒാസ്ട്രിയയുടെ അലക്സാണ്ടര്‍ പേയ- ബ്രസീലിന്റെ ബ്രൂണോ സോറസ് സഖ്യത്തെയാണ് പേസ് സഖ്യം കീഴടക്കിയത്. ഒരു മണിക്കൂറും 12 മിനിറ്റും മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 6-1, 6-3 എന്ന സ്കോറിനായിരുന്നു പേസ് സഖ്യത്തിന്റെ വിജയം.
യുഎസ് ഓപ്പണിന്റെ ചരിത്രത്തില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ മൂന്നാമത്തെ കിരീടമാണ് പേസ് സ്വന്തമാക്കിയത്. ഇതോടെ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലുമായി 14 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ പേസിന് സ്വന്തമായി. പുരുഷ ഡബിള്‍സില്‍ എട്ടും മിക്സഡ് ഡബിള്‍സില്‍ ആറും കിരീടങ്ങള്‍.
1999, 2001, 2009 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണും 2006, 2009, 2013 വര്‍ഷങ്ങളില്‍ യുഎസ് ഒാപ്പണും 2009-ല്‍ വിംബിള്‍ഡണും 2012-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും പേസ് പുരുഷ ഡബിള്‍സില്‍ നേടിയിരുന്നു. 1999, 2003, 2010 വര്‍ഷങ്ങളില്‍ വിംബിള്‍ഡണും 2003, 2010 വര്‍ഷങ്ങളില്‍ ഓസ്ട്രേലിയന്‍ ഓപ്പണും 2008-ല്‍ യുഎസ് ഓപ്പണ്‍ എന്നിങ്ങനെയാണ് മിക്സഡ് ഡബിള്‍സില്‍ പേസിന്റെ കിരീട നേട്ടങ്ങള്‍.
അതേസമയം വനിതാ ഡബിള്‍സില്‍ കിരീടംചെക്ക് ജോഡിയായ ആന്‍ഡ്രിയ ഹ്ലാവക്കോവയും ലൂസി ഹ്രാഡെക്കയും സ്വന്തമാക്കി. ഫൈനലില്‍ ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍തികാസെ-ഡെലാക്വ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
അതേസമയം ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന ബഹുമതി നേടാന്‍ റാഡെക് സ്റ്റെപാനക് തന്നെ സഹായിച്ചെന്നും അതിന് അദ്ദേഹത്തോട് നന്ദി പറയുന്നെന്നും പേസ് മത്സരശേഷം പറഞ്ഞു. ഞാനിപ്പോള്‍ നാല്‍പത്തിയൊന്നാമത്തെ വയസിലേക്ക് കടന്നിരിക്കുകയാണ്. അത് ഇനി 42ആകും 43 ആകും. ടെന്നീസ് ഒന്നാമത്തെ കായിക വിനോദമല്ലാത്ത രണ്ട് രാജ്യങ്ങളില്‍ നിന്നാണ് ഞാനും സ്റ്റെപാനാകും വരുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രായം എന്നത് നോക്കി ചിരിക്കാനുള്ള ഒരു നമ്പര്‍ മാത്രമാണ് പേസ് പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ വിജയങ്ങളില്‍ ഒന്നാണ് ഇപ്പോഴത്തേതെന്നും തനിക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച പങ്കാളിയാണ് യുവാവായ സ്റ്റെപാനെക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















