ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ കടുത്ത എതിരാളിയും മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യനുമായിരുന്ന കെന്‍ നോര്‍ട്ടണ്‍ (70) അന്തരിച്ചു. ലാസ് വെഗാസിലെ സ്വകാര്യാശുപത്രിയില്‍ ബുധനാഴ്ച്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.
റിങ്ങിലെ യുഎസ് പ്രാതിനിധ്യത്തിന് ഒരു കാലത്ത് മാറ്റുകൂട്ടിയവരില് പ്രധാനിയായിരുന്നു നോര്‍ട്ടണ്‍. മുഹമ്മദ് അലിയുമായി മൂന്നു തവണ അദ്ദേഹം ഏറ്റുമുട്ടി. 1973ലെ ആദ്യ മുഖാമുഖത്തില്‍ നോര്‍ട്ടന്റെ ഇടിയേറ്റ് അലിയുടെ താടിയെല്ല് പൊട്ടിപ്പോയി. ആറു മാസങ്ങള്‍ക്കുശേഷം വീണ്ടും ഇരുവരും ഏറ്റുമുട്ടി. ഇത്തവണ നേരിയ വ്യത്യാസത്തില്‍ അലി ജയിച്ചു. 1976 ന്യൂയോര്‍ക്കിലെ വിഖ്യാതമായ യാങ്കി സ്റ്റേഡിയത്തില്‍ ഹെവിവെയ്റ്റ് കിരീടം നിലനിര്‍ത്താന്‍ നടത്തിയ പോരാട്ടത്തിലും അലി നോര്‍ട്ടനെ അതിജീവിച്ചു.
1979 ലോക ബോക്സിങ് കൗണ്‍സിലിന്റെ ഔദ്യോഗിക മത്സരാര്‍ഥിയായ നോര്‍ട്ടനെ ജിമ്മി യങ്ങിനെതിരായ ജയത്തിന്റെ അടിസ്ഥാനത്തില്‍ ഹെവിവെയ്റ്റ് ചാമ്പ്യനായി പ്രഖ്യാപിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ലാറി ഹോളംസിനു മുന്നില്‍ നോര്‍ട്ടണ്‍ കിരീടം അടിയറവച്ചു. കരിയറിലെ 50 മത്സരങ്ങളില്‍ 33 തവണ എതിരാളികളെ നോക്കൗട്ട് ചെയ്ത ചരിത്രവും നോര്ട്ടനുണ്ട്. ചില സിനിമകളില്‍ ചെറു വേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.
















