ചെന്നൈ: നിലവിലെ ലോകചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ കീഴടക്കി നോര്‍വീജിയന്‍ കൗമാരതാരവും ലോക ഒന്നാം നമ്പറുമായ മാഗ്നസ് കാള്‍സണ്‍ ചതുരംഗക്കളത്തിലെ പുതിയ ചക്രവര്‍ത്തിയായി. 12 ഗെയിമുകളുടെ പോരാട്ടത്തില്‍ 10-ാം ഗെയിം സമനിലയില്‍ കലാശിച്ചതോടെയാണ് രണ്ട് ഗെയിം ബാക്കിനില്‍ക്കേ കാള്‍സണ്‍ ലോക ചാമ്പ്യനായത്. ഇതോടെ ലോക ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും കാള്‍സന് സ്വന്തമായി. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നോര്‍വേക്കാരന്‍ കിരീടം നേടുന്നത്. കറുത്തകരുക്കളുമായി കളിച്ച ആനന്ദിനെ 65-ാം നീക്കത്തിനൊടുവിലാണ് കാള്‍സണ്‍ സമനിലയില്‍ പിടിച്ചുകെട്ടിയത്. പോരാട്ടം നാലര മണിക്കൂര്‍ നീണ്ടു. അഞ്ച്, ആറ്, ഒമ്പത് ഗെയിമുകളില്‍ കാള്‍സന്‍ ആനന്ദിനെ പരാജയപ്പെടുത്തിയിരുന്നു. കാള്‍സന്റെ വിജയങ്ങളില്‍ രണ്ടെണ്ണവും കറുത്ത കരുക്കള്‍ ഉപയോഗിച്ചായിരുന്നു. അഞ്ച് തവണ ലോക ചാമ്പ്യനായ ആനന്ദിന് കാള്‍സന്റെ കരുത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു.
2011 ജൂലൈ 11 മുതല്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുന്ന കാള്‍സണ്‍ തീര്‍ത്തും ആധികാരികമായാണ് ഇന്ത്യയുടെ അഭിമാനമായ വിശ്വനാഥന്‍ ആനന്ദിനെ ലോകചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും അവസാനം ഏറ്റുമുട്ടിയ 19 തവണയും ആനന്ദിന് കാള്‍സനെ തോല്‍പ്പിക്കാനായിട്ടില്ല.
















