കൊച്ചി: പാലക്കാടിന്റെ മുന്നേറ്റത്തോടെ അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കൊച്ചിയില്‍ തുടക്കമായി. പത്തിനങ്ങളിലെ മത്സരം പൂര്‍ത്തിയായപ്പോള്‍ മുപ്പത് പോയിന്റുമായി പാലക്കാട് മുന്നേറുന്നു. 22 പോയിന്റുമായി എറണാകുളം തൊട്ടു പിന്നിലുണ്ട്. ആദ്യദിനത്തില്‍ തന്നെ ദേശീയ റെക്കോര്‍ഡ് മറികടന്ന മൂന്ന് പ്രകടനങ്ങളുണ്ടായി. സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ പി.യു ചിത്രയും ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ ആതിരയും സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ അനന്തുവുമാണ് ദേശീയ റെക്കോര്‍ഡ് മറി കടന്നത്. കായികമേളയില്‍ നാല് വര്‍ഷത്തിന് ശേഷം പത്തനംതിട്ട മെഡല്‍ നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ വെള്ളി നേടിയ ജസ്വിന് തോമസാണ് പത്തനംതിട്ടയുടെ കാത്തിരിപ്പിന് വിരാമമിട്ടത്.
തുടര്‍ച്ചയായ ആറാം തവണയും പാലക്കാട് മീറ്റിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കി. ആദ്യയിനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മുണ്ടൂര്‍ സ്കൂളിലെ പി.ആര് രാഹുലാണ് ഒന്നാമതെത്തിയത്. പറളിയുടെ സതീഷ് രണ്ടാമതും തിരുവനന്തപുരം സായിയുടെ ഷിജോ മൂന്നാമതും എത്തി. മൂവായിരം മീറ്ററില്‍ ഒന്നാമതെത്തി പി.യു ചിത്ര ട്രിപ്പിള്‍ സ്വര്‍ണത്തിലേക്ക് ആദ്യ ചുവട് വച്ചു. 9:54:9 സെക്കന്റില്‍ ഫിനിഷ് ചെയ്ത ചിത്ര ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്.
പ്ലസ് 2 വിദ്യാര്‍ത്ഥിനിയായ ചിത്രയുടെ അവസാന സ്കൂള്‍ കായിക മേളയാണിത്. ഇടുക്കി ഇരട്ടയാര്‍ സ്കൂളിലെ ഗീതു മോഹനനാണ് വെള്ളി. വിദ്യക്കാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ തവണ നാലു സ്വര്‍ണമായിരുന്നു ദേശീയ ചാമ്പ്യന്‍ കൂടിയായ ചിത്രയുടെ സമ്പാദ്യം. ജൂനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ സ്വര്‍ണം നേടിയ കോതമംഗലം മാര്‍ ബേസലിയേസിലെ ലിപിന്‍ ജോര്‍ജ് എറണാകുളം ജില്ലയുടെ അക്കൗണ്ട് തുറന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ പാലക്കാടിന് മെഡലൊന്നും നേടാനായില്ല.
കോഴിക്കോട് നെല്ലിപ്പോയില്‍ സ്കൂളിലെ ആതിര കെ.ആര് ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനത്തിലൂടെയാണ് സ്വര്‍ണം നേടിയത്. 2004ല്‍ ഷമീന ജബ്ബാര്‍ കരസ്ഥമാക്കിയ റെക്കോര്‍ഡ് തിരുത്താന്‍ ആതിരയ്ക്കായി. 9:54:1 സെക്കന്റില്‍ ഓടിയെത്തിയ ആതിര മീറ്റിലെ ആദ്യ മണിക്കൂറുകളില്‍ താരമായി മാറി. സീനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ പി.യു ചിത്രയേക്കാള്‍ മികച്ച സമയമാണ് ആതിര കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: