കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഉത്തേജക പരിശോധനക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി എത്തില്ല. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇത്തവണയും സംസ്ഥാന സ്കൂള്‍ കായികമേളക്ക് എത്തണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചാക്കോ ജോസഫ് നല്‍കിയ അപേക്ഷയിലാണ് നാഡ ഡയറക്ടര്‍ ജനറല്‍ ഇ-മെയിലിലൂടെ മറുപടി അയച്ചിരിക്കുന്നത്.
നിരവധി ദേശീയ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കണ്‍ട്രോള്‍ ഓഫിസര്‍മാരെ അവിടങ്ങളില്‍ നിയോഗിച്ചിരിക്കുകയാണെന്നും അതിനാല്‍ എത്താന്‍ കഴിയില്ലെന്നുമാണ് നാഡയുടെ വിശദീകരണം. തിരുവനന്തപുരം പിരപ്പന്‍കോട് നടന്നു കൊണ്ടിരിക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നാഡ അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. ദേശീയ മത്സരങ്ങള്‍ക്കാണ് നാഡ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതിനാലാണു എത്താന്‍ കഴിയാത്തതെന്നും സംസ്ഥാന കായികമേളക്കായി ക്ഷണിച്ചതിനെ അഭിനന്ദിച്ചുകൊണ്ടുമാണ് അധികൃതര്‍ ഇമെയില്‍ അയച്ചിരിക്കുന്നത്.
















