കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാടിന്റെ കുതിപ്പ്. കിരീടം നിലനിര്‍ത്തുക തന്നെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച പാലക്കാടിന്റെ ചുണക്കുട്ടികള്‍ 44 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഇന്നലെ നിര്‍ണയിക്കപ്പെട്ട 18-ല്‍ ആറ് സ്വര്‍ണ്ണവും പാലക്കാടിന്റെ പോക്കറ്റിലെത്തി. മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും അവരുടെ മറ്റു സമ്പാദ്യങ്ങള്‍. മുന്‍ചാമ്പ്യന്മാരും നിലവിലെ റണ്ണറപ്പുകളുമായ എറണാകുളം 33 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയും 7 വെങ്കലവും എറണാകുളം അക്കൗണ്ടിലെത്തിച്ചു. രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം 20 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാമത്.
ചാമ്പ്യന്‍ സ്‌കൂള്‍പട്ടം തേടിയുള്ള പോരാട്ടത്തില്‍ പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ എച്ച്എസാണ് മുന്നില്‍. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 17 പോയിന്റ് മുണ്ടൂ ര്‍ ഇതുവരെ സ്വന്തം പേരിലെഴുതി. എറണാകുളത്തിന്റെ പ്രതിനിധി കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് (രണ്ട് സ്വര്‍ണ്ണം, ഒരു വെള്ളി, രണ്ട് വെങ്കലം- 15 പോയിന്റ്) തൊട്ടുപിന്നിലുണ്ട്. മൂന്ന് സ്വര്‍ണ്ണം നേടിയ പാലക്കാട് കല്ലടി സ്‌കൂള്‍ 15 പോയിന്റുമായി മൂന്നാമത് നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം 11 പോയിന്റുമായി നാലാം സ്ഥാനത്തും ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 10 പോയിന്റുമായി പാലക്കാട് പറളി സ്‌കൂള്‍ അഞ്ചാം സ്ഥാനത്തുമാണ്.
മീറ്റിന്റെ ആദ്യദിനമായ ഇന്നലെ മൂന്ന് റെക്കോര്‍ഡുകള്‍ പിറന്നു.
മൂന്നെണ്ണവും ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനങ്ങളായിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ പി.യു. ചിത്ര, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോഴിക്കോട് നെല്ലിപൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ കെ.ആര്‍. ആതിര, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിലെ അനന്തു കെ.എസ്. എന്നിവരാണ് റെക്കോര്‍ഡിന് അവകാശികളായത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസിലെ വി.ഡി. അഞ്ജലിയും നിലവിലെ മീറ്റ് റെക്കോര്‍ഡ് ഭേദിച്ചു. മേളയുടെ രണ്ടാം ദിവസമായ ഇന്ന് 22 ഇനങ്ങളില്‍ മെഡല്‍ നിശ്ചയിക്കപ്പെടും. മീറ്റിലെ ഏറ്റവും ആവേശകരമായ 100 മീറ്റര്‍ ഫൈനലുകളും ഇന്ന് അരങ്ങേറും.
വിനോദ് ദാമോദരന്‍
















