പതിവ് കുത്തക സ്കൂളുകളില്‍ നിന്നല്ലാതെയും നിരവധി താരങ്ങള്‍ ഉദയം ചെയ്യുന്നത് ശുഭസൂചനയാണെന്ന് ഒളിമ്പ്യന്‍ ഷൈനി വിത്സണ്‍ ജന്മഭൂമിയോടു പറഞ്ഞു. ഇത് കേരളത്തിന്റെ കായികരംഗത്ത് വമ്പിച്ച മാറ്റങ്ങള്‍തന്നെ സൃഷ്ടിക്കും. 100 മീറ്റര്‍ മല്‍സരം ശരിക്കും പൊടിപാറ്റി. രണ്ട് വിഭാഗങ്ങളില്‍ ഫോട്ടോ ഫിനിഷായിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വി.വി. ജിഷയില്‍ പ്രതീക്ഷവെക്കാം. എന്നാല്‍, പല തവണ ഹര്‍ഡില്‍സില്‍ തട്ടിയത് വേഗത്തെ ബാധിച്ചു. അമിതഭാരം ആ കുട്ടിക്ക് നല്‍കരുത്. ആരോഗ്യം മെച്ചപ്പെടുത്താന്‍ ജിഷ ശ്രമിക്കണം, ഷൈനി നിര്‍ദ്ദേശിച്ചു.
എല്ലാ സ്കൂളുകളും കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ അധികൃതര്‍ രംഗത്തുവരുന്നത് മികച്ചനേട്ടങ്ങള്‍ കൊണ്ടുവരുമെന്നതില്‍ സംശയമില്ല. മേളക്ക് കിട്ടുന്ന മാധ്യമശ്രദ്ധയും ഏറെ ഗുണം ചെയ്യും. ഞങ്ങളുടെ കാലത്ത് ഇത്രക്കൊന്നും കവറേജ് കിട്ടിയിരുന്നില്ല. ഞായറാഴ്ച ഞാന്‍ കണ്ട മല്‍സരങ്ങളിലെല്ലാം കടുത്ത പോരാട്ടമായിരുന്നു. റിലേയുടെ ട്രയല്‍സിനിടെ ബാറ്റണ്‍ കൈമാറുന്നതില്‍ പിഴവ് വരുത്തിയതിന്റെ പേരില്‍ ആറു ടീമുകളെ ആയോഗ്യരാക്കിയെന്ന് അറിയാന്‍ കഴിഞ്ഞു. അത് 100/400 മീറ്ററില്‍ സ്വഭാവികമാണ്. ഇത്പരിശീലനത്തിെന്‍റ കുറവായി കാണാനാകില്ല. പരിചയക്കുറവും ആ സമയത്തെ ആവേശവുമാണ് ഇത്തരം തെറ്റുകള്‍ക്ക് ഇടയാക്കുന്നത്. ഇത് വേഗത്തില്‍ തിരുത്താനും കഴിയുന്നതേ ഉള്ളു, ഷൈനി പറഞ്ഞു.
















