കൊച്ചി: അമ്പത്തിയേഴാമത് സ്കൂള്‍ കായികമേള പുരോഗമിക്കവെ പാലക്കാട് മുണ്ടൂര്‍ സ്കൂളിന്റെ പി.യു.ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം. ഇന്ന് രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ചിത്ര ഇന്ന് റെക്കാഡോടെ സ്വര്‍ണം നേടിയത്. 2005 ല്‍ കേരളത്തിന്റെ ജിജിമോള്‍ ജേക്കബ് സ്ഥാപിച്ച ദേശീയ റെക്കോര്‍ഡ് മറികടക്കാനും ചിത്രയ്ക്ക് കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന 3000, 5000 മീറ്ററില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. 1500 മീറ്ററില്‍ കടുത്ത മത്സരമായിരുന്നു നേരിടേണ്ടി വന്നതെന്ന് ചിത്ര പറഞ്ഞു. തിരുവന്തപുരത്ത് സ്ഥാപിച്ച സ്വന്തം മീറ്റ് റെക്കോര്‍ഡ് തിരുത്തിയാണ് ചിത്ര 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയത്. ഉഷ സ്കൂളിലെ ജെസി ജോസഫിനാണ് ഈയിനത്തില്‍ വെള്ളി.
ഇപ്രാവിശ്യത്തെ അത്ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ താരമാണ് ചിത്ര. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തിയ നെല്ലിപ്പോയി സ്കൂളിലെ ആതിര കെ.ആര് രണ്ടാം തവണയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. നിലവിലെ റിക്കോര്‍ഡിന് ഉടമയായ അലീഷ പി.ആറിന് മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ എറണാകുളം മാര്‍ ബേസിലസ് സ്കൂളിലെ വിപിന്‍ ജോര്‍ജ് ഡബിള്‍ തികച്ചു.
സ്വന്തം പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തിരുത്തിയാണ് തിരുവനന്തപുരം സായിയുടെ ട്വിങ്കിള്‍ ടോമി സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഒന്നാമതെത്തിയത്. പാലക്കാടിന്റെ മൂന്ന് താരങ്ങളെ അയോഗ്യരാക്കിയ ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് നെല്ലിപ്പോയി സ്കൂളിലെ അമല്‍ ബി.എസ് സ്വര്‍ണം നേടി.
പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ പറളിയുടെ കെ.ടി ലീനയ്ക്ക് കഴിഞ്ഞവര്‍ഷത്തെ റെക്കോര്‍ഡ് പ്രകടനം ആവര്‍ത്തിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: