കൊച്ചി: നാലു നാള്‍ നീണ്ടുനിന്ന മീറ്റില്‍ ആകെ പിറവിയെടുത്തത് 19 റെക്കോര്‍ഡുകള്‍. ആദ്യ രണ്ടു ദിവസങ്ങളില്‍ അഞ്ച് റെക്കോര്‍ഡുകള്‍ മാത്രം സൃഷ്ടിക്കപ്പെട്ടു. അടുത്ത രണ്ടു ദിനങ്ങളില്‍ കണ്ണുകള്‍ക്ക് വിരുന്നായി 14 എണ്ണം കടന്നുവന്നു. അതില്‍ അഞ്ച് റെക്കോര്‍ഡുകള്‍ സമാപന ദിനത്തിന്റെ വകയും.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്‌എസ്‌എസിലെ അമല്‍ പി.രാഘവ് 14.31 മീറ്റര്‍ എറിഞ്ഞ് ഇന്നലെ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2012ല്‍ തിരുവനന്തപുരത്ത് സ്വന്തം സ്കൂളിലെ തന്നെ ജസ്റ്റിന്‍ ജെയിന്‍ കോറിയിട്ട 13.26 മീറ്ററിന്റെ റെക്കോര്‍ഡാണ് അമല്‍ പുതുക്കിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഉഷ സ്കൂളിന്റെ ജിസ്ന മാത്യുവും (25.22 സെക്കന്റ്) റെക്കോര്‍ഡിന്റെ കുളിരറിഞ്ഞു. ഒരു ദശാബ്ദം മുന്‍പ് കോരുത്തോട് സികെഎംഎച്ച്‌എസ്‌എസിലെ മരിയ ജെയിംസ് പുറത്തെടുത്ത 25.30 സെക്കന്റിന്റെ വേഗം ജിസ്നയ്‌ക്ക് മുന്നില്‍ ചൂളിപ്പോയി.
ഹൈജമ്പില്‍ 1.64 മീറ്റര്‍ ചാടിയ ഭരണങ്ങാനം എസ്‌എച്ച്ജിഎച്ച്‌എസിലെ ഡിബി സെബാസ്റ്റ്യന്‍ 2008-ല്‍ കോതമംഗലം മാര്‍ബേസിലിന്റെ അപര്‍ണ. എസ് രചിച്ച 1.63 മീറ്ററിന്റെ റെക്കോര്‍ഡ് മറികടന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് ഉഷ സ്കൂളിന്റെ ജെസി ജോസഫ് തിരുത്തിക്കളഞ്ഞു. നിലവിലെ ദേശീയ റെക്കോര്‍ഡും മറികടന്ന പ്രകടനമായിരുന്നു ജെസിയുടെയും വെള്ളി നേടിയ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്‌എസ്‌എസിലെ തെരേസാ ജോസഫിന്റെയും. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ 14.96 മീറ്റര്‍ ചാടിയ കോതമംഗലം മാര്‍ബേസില്‍ എച്ച്‌എസ്‌എസിന്റെ അബിന്‍. ബിയും റെക്കോര്‍ഡ് നേട്ടക്കാരനായി. കഴിഞ്ഞവര്‍ഷം സ്വന്തം പേരില്‍ എഴുതിയ 14.92 മീറ്ററിന്റെ റെക്കോര്‍ഡാണ് അബിന്‍ തിരുത്തിയത്.
















