കൊച്ചി: 57-ാമത് സംസ്ഥാന സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ആറ് വിഭാഗങ്ങളിലായി എട്ടുപേര്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളില്‍ നാല് സ്വര്‍ണ്ണം നേടിയ പാലക്കാടിന്റെ പി.യു. ചിത്ര സുവര്‍ണ്ണതാരമായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചിത്ര ഈ നേട്ടം കൈവരിക്കുന്നത്. 5000, 1500, 3000 മീറ്റര്‍ എന്നിവയിലായിരുന്നു ചിത്രയുടെ റെക്കോര്‍ഡ് നേട്ടത്തോടെയുള്ള സ്വര്‍ണ പ്രകടനങ്ങള്‍. ഇതിനുപുറമെ ക്രോസ് കണ്‍ട്രിയിലും ചിത്ര ഒന്നാമതെത്തി.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്‌എസ്‌എസിലെ എം.എന്‍. നസിമുദ്ദീന്‍ (രണ്ട് സ്വര്‍ണ്ണം, ഒരു വെള്ളി- 13 പോയിന്റ്) വ്യക്തിഗത ചാമ്പ്യനായി.
200, 110 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ സ്വര്‍ണ്ണം നേടിയ നസിമുദ്ദീന്‍ 100 മീറ്ററില്‍ വെള്ളിയും കരസ്ഥമാക്കിയിരുന്നു. ജൂനിയര്‍ ഗേള്‍സില്‍ കോഴിക്കോട് ഉഷ സ്കൂളിന്റെ ജിസ്ന മാത്യുവിനാണ് വ്യക്തിഗത കിരീടം. ജിസ്ന 100, 200, 400 മീറ്ററുകളിലെ സ്വര്‍ണത്തിന് അര്‍ഹയായി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ രണ്ട് ചാമ്പ്യന്‍മാര്‍ വരവറിയിച്ചു.പാലക്കാട് കല്ലടി സ്കൂളിന്റെ രാഖില്‍ എ.ജിയും കോതമംഗലം മാര്‍ബേസിലിന്റെ ബിബിന്‍ ജോര്‍ജും. രാഖില്‍ 100, 200 മീറ്ററുകളിലും ലോംഗ്ജമ്പിലും സ്വര്‍ണം നേടിയപ്പോള്‍ ബിബിന്‍ 1500, 3000, 800 മീറ്ററുകളിലായിട്രിപ്പിള്‍ തികച്ചു.
സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്‌എസിലെ അപര്‍ണ റോയി 200, 80 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ കനകം കൊയ്ത് മീറ്റിന്റെ താരമായി.
ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ കോതമംഗലം സെന്റ്ജോര്‍ജിന്റെ ഡി. സുധീഷും (600 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ് സ്വര്‍ണങ്ങള്‍) ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും ആദ്യസ്ഥാനക്കാരനായ ആലപ്പുഴ പള്ളിപ്പുറം പിഎസ്‌എച്ച്‌എസിലെ എസ്.എസ്. അര്‍ജുനും മേളയുടെ ലിറ്റില്‍ സ്റ്റാറുകളായി
















