മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചിനെ ഞെട്ടിച്ച് എട്ടാം സീഡ് സ്വിറ്റ്സര്‍ലാന്റിന്റെ സ്റ്റാനിസ്ലാവ് വാവ്‌റിങ്ക സെമി ഫൈനലിലേക്ക് കുതിച്ചു. നാലു മണിക്കൂറും അഞ്ചു സെറ്റും നീണ്ട ക്ലാസിക് പോരാട്ടത്തില്‍ 2-6, 6-4, 6-2, 3-6, 9-7 എന്ന സ്കോറിനായിരുന്നു വാവ്‌റിങ്കയുടെ ജയം. റാലികളുടെ നീണ്ട നിര തീര്‍ത്ത് മെല്‍ബണ്‍ പാര്‍ക്കിലെ ഗ്യാലറിയെ ത്രസിപ്പിച്ച ശേഷമായിരുന്നു ഇരു താരങ്ങളും കരകയറിയത്. കരിയറില്‍ ആദ്യമായാണ് വാവ്‌റിങ്ക ഓസ്ട്രേലിയന്‍ ഓപ്പണിന്റെ അവസാന നാലില്‍ ഇടംനേടുന്നത്. കഴിഞ്ഞ തവണ പ്രീ- ക്വാര്‍ട്ടറിലെ മാരത്തോണ്‍ അങ്കത്തില്‍ ഡോക്കോയോടേറ്റ തോല്‍വിക്ക് മധുര പ്രതികാരം വീട്ടാനും വാവ്‌റിങ്കയ്‌ക്കായി. വാവ്‌റിങ്കയുടെ ജയത്തോടെ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി ഡോക്കോ തുടര്‍ന്ന അപരാജിത കുതിപ്പിനും തിരശീല വീണു. 2011, 12, 13 വര്‍ഷങ്ങളില്‍ മെല്‍ബണില്‍ ഡോക്കോയെ വീഴ്‌ത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല.
ആദ്യ സെറ്റില്‍ ഡോക്കോവിച്ച് മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളു.16 അനാവശ്യ പിഴവുകള്‍ വരുത്തിയ വാവ്‌റിങ്ക കന്നി സെറ്റ് ഡോക്കോവിച്ചിന് തളികയില്‍ വച്ചുനല്‍കി. എന്നാല്‍ രണ്ടാം സെറ്റില്‍ സ്വിസ് സ്റ്റാര്‍ താളം കണ്ടെത്തി. ആക്രമണോത്സുകതയിലൂടെ ഡോക്കോയെ സമ്മര്‍ദ്ദത്തിലാക്കി വാവ്‌റിങ്ക. ഷോട്ടുകളിലും കൃത്യത പുലര്‍ത്തിയ വാവ്‌റിങ്ക സെറ്റ് പിടിച്ചെടുത്ത് ഒപ്പമെത്തി. മൂന്നാം സെറ്റിലും വര്‍ധിതവീര്യത്തോടെ വാവ്‌റിങ്ക കളം നിറഞ്ഞപ്പോള്‍ ഡോക്കോവിച്ചിനു തലകുനിക്കാതെ തരമില്ലാതിരുന്നു. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പിന്നിലായ ഡോക്കോ പ്രതിസന്ധിയില്‍ അകപ്പെട്ടു. പക്ഷേ, നാലാം സെറ്റില്‍ ഡോക്കോയിലെ ചാമ്പ്യന്‍ ഉണര്‍ന്നു. തുടക്കത്തില്‍ത്തന്നെ വാവ്‌റിങ്കയെ ബ്രേക്ക് ചെയ്ത ഡോക്കോ സെറ്റ് കൈപ്പിടിയിലൊതുക്കി. നിര്‍ണായക അഞ്ചാം സെറ്റില്‍ വാവ്‌റിങ്കയുടെ രണ്ടാം ഗെയിം തന്നെ ഡോക്കോ തട്ടിയെടുത്തുകളഞ്ഞു. പിന്നാലെ വാവ്‌റിങ്കയുടെ മറുപടി ബ്രേക്ക്. തുടര്‍ന്ന് ഇരുവരും സര്‍വീസ് നിലനിര്‍ത്തി. കളി അനന്തമായി നീണ്ടു. ഒടുവില്‍ ഡോക്കോയുടെ എട്ടാം ഗെയിം ഭേദിച്ച വാവ്‌റിങ്ക ഐതിഹാസിക ജയത്തിലേക്ക് കുതിച്ചു. സെമിയില്‍ വാവ്‌റിങ്ക ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ നേരിടും. സ്പാനിഷ് താരം ഡേവിഡ് ഫെററെ നാട്ടിലേക്ക് മടക്കി ബെര്‍ഡിച്ചിന്റെ വരവ്, സ്കോര്‍ :6-1, 6-4, 2-6, 6-4. വനിതാ വിഭാഗത്തില്‍ ഇന്നലെയും അട്ടിമറി പിറന്നു. സെര്‍ബിയയുടെ അനാ ഇവാനോവിച്ചിനെ 5-7, 7-5, 6-2ന് മറിച്ചിട്ട കനേഡിയന്‍ ടീനേജര്‍ യൂജിന്‍ ബൗച്ചാര്‍ഡ് സെമിയില്‍ ഇടംനേടി.
ചൈനയുടെ ന ലി ബൗച്ചാര്‍ഡിന്റെ അടുത്ത എതിരാളി. ഇറ്റാലിയന്‍ സാന്നിധ്യം ഫ്ലാവിയ പെനേറ്റയുടെ പ്രയാണത്തിനാണ് ന ലി അന്ത്യം കുറിച്ചത് (6-2, 6-2). വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- സിംബാബ്‌വെയുടെ ക്ലാരാ ബ്ലാക്ക് സഖ്യം പുറത്തായി. സാറാ ഇറാനിയും റോബര്‍ട്ടാ വിന്‍സിയും ചേര്‍ന്ന ഇറ്റാലിയന്‍ ജോടിയാണ് സാനിയയുടെയും കൂട്ടുകാരിയുടെയും വഴിമുടക്കിയത് (6-2, 3-6, 6-4).
















