ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്ക്വാഷ് മത്സരത്തില്‍ ഇന്ത്യ തികഞ്ഞ പ്രതീക്ഷയിലാണ്. ലോക റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച മലയാളി താരം ദീപിക പള്ളിക്കലിന്റെ സാന്നിധ്യം തന്നെയാണ് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നത്. കരിയറിലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസിനാണ് ദീപിക ഇറങ്ങുന്നത്.
2010ലെ ദല്‍ഹി ഗെയിംസില്‍ അസുഖത്തെ തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയാതിരുന്നതിന്റെ സങ്കടം തീര്‍ക്കാനാണ് ദീപിക ഇത്തവണ ഗ്ലാസ്ഗോയില്‍ ഇറങ്ങുന്നത്. വനിതാവിഭാഗം സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് വിഭാഗങ്ങളില്‍ മെഡല്‍ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ താരമിറങ്ങുക. നിലവില്‍ ലോക റാങ്കിംഗില്‍ പത്താം സ്ഥാനക്കാരിയായ ദീപിക കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആറാം സീഡാണ്.
സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം മലേഷ്യയുടെ നികോള്‍ ഡേവിഡ്, ഏഴാം റാങ്കുകാരിയായ ലൂ വീ വേണ്, നിലവിലെ ലോക ചാമ്പ്യന്‍ ഇംഗ്ലണ്ടിന്റെ ലൂറ മസാറൊ, നാലാം റാങ്കുകാരിയായ ന്യൂസിലന്‍ഡിന്റെ ജോലീ കിംഗ് തുടങ്ങിയവരില്‍ നിന്ന് ഇന്ത്യന്‍ താരത്തിന് വെല്ലുവിളി നേരിടേണ്ടിവരും. വനിതാ വിഭാഗം ഡബിള്‍സില്‍ ദീപിക-ജോഷ്ന ചിന്നപ്പ സഖ്യത്തില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു. മിക്സഡ് ഡബിള്‍സില്‍ സൗരവ് ഗോസാലാണ് ദീപികയുടെ കൂട്ടാളി. 2012-ല്‍ അര്‍ജുന അവാര്‍ഡും ഈ വര്‍ഷം പത്മശ്രീ ബഹുമതിയും ദീപിക പള്ളിക്കല്‍ നേടിയിട്ടുണ്ട്.
പുരുഷ സിംഗിള്‍സില്‍ സൗരവ് ഗോസാല്‍, മഹേഷ് മാന്ഗോന്കര്, വനിതാ സിംഗിള്‍സില്‍ ദീപികയ്ക്ക് പുറമെ ജോഷ്ന ചിന്നപ്പ, അനക അലന്കമോനി, പുരുഷ ഡബിള്‍സില്‍ സൗരവ് ഗോഷാല്‍, ഹരീന്ദര്‍ പാല് സന്ധു എന്നിവരും ഇന്ത്യക്ക് വേണ്ടി ഇറങ്ങും.
















