ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യദിനത്തില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകള്‍ നേടിയ ഇന്ത്യക്ക് രണ്ടാം ദിവസം തിരിച്ചടിയേറ്റു. പുരുഷന്മാരുടെ 73 കി. ഗ്രാം വിഭാഗത്തിലും 81 കി.ഗ്രാം വിഭാഗത്തിലും ഇന്ത്യന്‍ വെല്ലുവിളികള്‍ അവസാനിച്ചു. 73 കി.ഗ്രാം വിഭാഗത്തില്‍ മൊസാംബിക്കിന്റെ എഡ്സണ് മദീര ഇന്ത്യയുടെ ബല്‍വിന്ദര്‍ സിംഗിനെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തി. 81 കി.ഗ്രാം വിഭാഗത്തില്‍ വികേന്ദര് സിംഗ് കാമറൂണിന്റെ ഒംഗ്ബ ഫൗദയോട് പരാജയപ്പെട്ടാണ് പുറത്തായത്.
ഇന്ന് പുരുഷന്മാരുടെ 90 കി.ഗ്രാം വിഭാഗത്തില്‍ അവതാര്‍ സിംഗും 100 കി.ഗ്രാം വിഭാഗത്തില്‍ സഹില്‍ പതാനിയയും 100 കി.ഗ്രാമിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ പരീക്ഷിത് കുമാറും കളത്തിലിറങ്ങും.
വനിതകളുടെ 63 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ഗരിമ ചൗധരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗരിമ സ്കോട്ട്ലന്റിന്റെ സാറാ ക്ലാര്‍ക്കിനോടാണ് കീഴടക്കിയത്. നേരത്തെ കാമറൂണിന്റെ ബിപിയ്ന ഫോബയെ പരാജയപ്പെടുത്തിയായിരുന്നു ഗരിമ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അതേ സമയം 70 കിലോ വിഭാഗത്തില്‍ ഹുയ്ദ്രോം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഓസ്ട്രേലിയയുടെ കാതറീന ആര്സ്കോട്ടാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
അതേസമയം ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യക്ക് രണ്ടാം വിജയം. കഴിഞ്ഞ ദിവസം ഘാനതെ 5-0ന് പരാജയപ്പെടുത്തിയ ഇന്ത്യ ഇന്നലെ ഉഗാണ്ടയെയും അതേ സ്കോറിന് പരാജയപ്പെടുത്തി.
പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത് എഡ്വിന് എക്റിംഗിനെയും വനിതാ സിംഗിള്‍സില്‍ മലയാളി താരം പി.സി. തുളസി മാര്‍ഗരറ്റ് നാന്കബിര്വയെയും നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടത്തി. മിക്സഡ് ഡബിള്‍സില്‍ ഗുരുസായി ദത്ത്-പി.സി. തുളസി സഖ്യം വില്‍സണ്‍ ടുകിറെ-ഡെയ്സി നകല്യാന്ഗോയെയും വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ ജോഡി മാര്‍ഗരറ്റ് നാന്കബിര്വ-ഡെയ്സി നകല്യാന്ഗോ സഖ്യത്തെയും കീഴടക്കി. പുരുഷ ഡബിള്‍സില്‍ അക്ഷയ് ഡേവാല്ക്കര്-പ്രണവ് ചോപ്ര സഖ്യം എഡ്വിന് എക്റിംഗ്-വില്‍സണ്‍ ടുകിറെ കൂട്ടുകെട്ടിനെയുമാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്.
















