തിരുവനന്തപുരം: പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച അന്തര്‍ദ്ദേശീയ ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം മജീദ് ബാര്സിഗറിന്റെ ‘പര്‍വീസിന്’. ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും 15 ലക്ഷം രൂപ തുല്യമായി പങ്കിടും. മികച്ച സംവിധായകനുള്ള രജതചകോരത്തിന് മേഘാ ധാക്കാ താരാ സംവിധാനം ചെയ്ത കമലേശ്വര് മുഖര്‍ജി അര്‍ഹനായി.
മികച്ച നവാഗത ചിത്രത്തിനുള്ള രജതചകോരം ഇവാന് വെസോവോ സംവിധാനം ചെയത ഇറാറ്റ കരസ്ഥമാക്കി. മൂന്നു ലക്ഷം രുപയാണ് സമ്മാനത്തുക. മികച്ച പ്രേക്ഷകചിത്രം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങളാണ്. സംവിധായകന് രജതചകോരവും രണ്ടു ലക്ഷം രൂപയുമാണ് സമ്മാനം.
അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന് (ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രം ഇവാന് വെസോവോ സംവിധാനം ചെയ്ത ഇറാറ്റ നേടി. കെ.ആര്. മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിനാണ് മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം. ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്പാക്ക്) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്കാരം കമലേശ്വര് മുഖര്‍ജി സംവിധാനം ചെയ്ത മേഘാ ധാക്കാ താര കരസ്ഥമാക്കി. മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് പി.പി. സുദേവന് സംവിധാനം ചെയ്ത സി.ആര്. നമ്പര്‍ 89 നേടി. ആര്‍തുറോ റിപ്സ്റ്റൈന്‍ ചെയര്‍മാനും, പീറ്റര്‍ സ്കാര്‍ലെറ്റ്, അതിഥി അസാദ്, ഗൗതമി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. മികച്ച റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ഇന്ത്യന്‍ എക്സ്പ്രസിലെ നവമി സുധീഷിന്. മാതൃഭൂമിയിലെ പി.എസ്. ജയന്, വീക്ഷണത്തിലെ നിസാര്‍ മുഹമ്മദ് എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. മന്ത്രി കെ.സി. ജോസഫ് പുരസ്കാരം വിതരണം ചെയ്തു.
ദൃശ്യ മാധ്യമ അവാര്‍ഡ് ജയ്ഹിന്ദ് ടി.വിയിലെ ജിഷ കെ. രാജ് നേടി. ഏഷ്യാനെറ്റിലെ കെ.ജി. കമലേഷ് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ് മനോരമ ഓണ്‍ലൈനിലെ രമേശിനാണ്. ശ്രവ്യ മാധ്യമ അവാര്‍ഡ് ക്ലബ് എഫ് എമ്മും നേടി. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മജീദ് ബാര്‍സിഗര്‍ മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ മലയാളസിനിമക്ക് നല്കിയ സമഗ്രസംഭാവന കണക്കിലെടുത്ത് നടന് മധുവിനെ ആദരിച്ചു. കൊറിയന്‍ സംവിധായകന് കിം കി ഡുക്ക് മുഖ്യാതിഥിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: