മാതൃസ്നേഹത്തിന്റെ വാത്സല്യങ്ങളും നൊമ്പരങ്ങളും ഉണര്‍ത്തുന്ന വ്യത്യസ്തമായ ഒരു ഗാനവുമായി ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന ആര്. സനിത് ഒരു പ്രമുഖ ന്യൂജനറേഷന് ബാങ്കിലെ മാനേജരും കൂടിയാണ്.
പുതുമുഖങ്ങളുടെ ഒരുവലിയ കൂട്ടായ്മയുമായി, അണിഞ്ഞൊരുങ്ങുന്ന ലൗ ലാന്‍ഡ് എന്ന ചിത്രത്തിലാണ് “മനസ്സിന്റെ ഉള്ളിലിന്നെവിടെയോ” എന്നു തുടങ്ങുന്ന ഗാനം സനിത് പാടിയിരിക്കുന്നത്. ലൗ ലാന്‍ഡിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ എം. ഹാജാമെയ്നു തന്നെയാണ് ഈ ചിത്രത്തിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. ആകെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിജയ് യേശുദാസ്, റിമിടോമി, വിധുപ്രതാപ് എന്നിവരും ഈ ചിത്രത്തില്‍ പാടിയിട്ടുണ്ട്. സജീവ് മംഗലത്താണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഫസര്‍ എ. കൃഷ്ണകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായ ആര്.സനിത് സ്കൂള്‍, കോളേജ്, സംസ്ഥാന കലോത്സവങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 1989-ല്‍ പാലക്കാട് മലമ്പുഴയില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ഒഎന്‍വി കുറുപ്പിന്റെ രചനയിലും ദേവരാജന്‍ മാഷിന്റെ സംഗീതത്തിലും തരംഗിണിയുടെ കാസറ്റിന് വേണ്ടിയും സനിത് പാടിയിട്ടുണ്ട്. പ്രശസ്ത പിന്നണിഗായകരോടൊപ്പം നിരവധി ഗാനമേളകളിലും പാടിയിട്ടുണ്ട്. പ്രസിദ്ധ സംഗീത തറവാടായ ഇടവന്‍കാട് കുടുംബാംഗമാണ്. സരോജിനിയമ്മയുടെയും രാമസ്വാമിയുടെയും മകനായ സനിത് ഭാര്യ രതികയോടും മകന് ലയോള സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അനൂപിനോടൊപ്പം പട്ടത്ത് താമസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: