ഏപ്രില്‍ ക്രൂരമാസമല്ല. ടി.എസ്.എലിയറ്റ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും. കാരണം അങ്ങനെയൊരു വിഷുക്കാല ഏപ്രിലിലാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥ റിലീസായത്. ഈ വിഷുവിന് വീരഗാഥയ്ക്ക് 25 വയസ്സ്.
മലയാളത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന മികച്ചവരുടെ കൂട്ടായ്മയില്‍ വന്‍ വിജയമായിരുന്നു ഈ ചിത്രം. നൂറ് ദിവസം കേരളത്തിലും തമിഴ്നാട്ടില്‍പ്പോലും ഓടിയ സിനിമ. എംടിയുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഒരു വടക്കന്‍ വീരഗാഥ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണ് നിര്‍മിച്ചത്. മലയാളത്തില്‍ വമ്പന്‍ വിജയങ്ങള്‍ ആഘോഷിച്ച ഗൃഹലക്ഷ്മി ഈ ചിത്രത്തിലൂടെ മറ്റൊരുത്സവം തീര്‍ത്തു.
അനവധി വിശേഷണങ്ങളുടെ അലങ്കാരമുണ്ടായിരുന്നു വടക്കന്‍ വീരഗാഥയ്ക്ക്. വടക്കന്‍ പാട്ട് വിഷയമായ എംടിയുടെ ആദ്യ തിരക്കഥ. വടക്കന്‍ പാട്ട് വിഷയമാക്കി ഹരിഹരന്റെ ആദ്യ സംരംഭം. മമ്മൂട്ടി നായകനായ ആദ്യ വടക്കന്‍ പാട്ട് ചിത്രം. അങ്ങനെ സവിശേഷതകളുടെ ഒരു നീണ്ട നിര.
പതിറ്റാണ്ടുകളായി മലയാളി കണ്ടു ശീലിച്ചത് കുഞ്ചാക്കോയുടേയും നവോദയ അപ്പച്ചന്റേയും വടക്കന്‍ പട്ട് സിനിമകളായിരുന്നു. കെട്ടുകഥകളുടെ ധാരാളിത്തവും വിജയഫോര്‍മുലകളുടെ സാമഗ്രികളും നിറഞ്ഞ ചിത്രങ്ങള്‍. എന്നാല്‍ വീരഗാഥ പഴയവരുടെ ഹാങ്ങ്ഓവറിനെ നടുക്കുകയും പുതിയവരെ അതിശയിപ്പിക്കുകയും ചെയ്തു. ചരിത്രം അന്വേഷിച്ചും നിരീക്ഷിച്ചും അവയില്‍ വിട്ടുപോയതും കൂടി ചേര്‍ത്താണ് എംടി തിരക്കഥ ഒരുക്കിയത്. അര്‍ഹതയുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോയ ചന്തുവിന്റെ അസ്തിത്വം തിരിച്ചുപിടിക്കുകയായിരുന്നു എംടി. അദൃശ്യനായി നിന്ന ചന്തു എന്ന ചരിത്ര സത്യം ദൃശ്യനായപ്പോള് പ്രേക്ഷകന് ഈ ചിത്രത്തിലൂടെ ഒരിതിഹാസ കാഴ്ച കാണുകയായിരുന്നു.
നടനജീവിതത്തില്‍ മമ്മൂട്ടിയുടെ വീരഗാഥയും ഇതിഹാസവും കൂടിയാണ് ഈ ചിത്രം. നോട്ടവും ഭാവവും പൗരുഷവും ശബ്ദ ഗാംഭീര്യവും കൊണ്ട് ചന്തു മമ്മൂട്ടിയില്‍ ഭദ്രമായിരുന്നു. ഈ നടനുമാത്രം ചെയ്യാവുന്ന വേഷം. നടന്മാരെ അവരറിയാതെ വേഷം നയിക്കുമെന്നു പറയുംപോലെ പരകായ പ്രവേശം. മമ്മൂട്ടിയേക്കാളും കഥാപാത്രം വലുതായ കഥയാണ് വീരഗാഥയിലെ ചന്തുവിനുള്ളത്.
ഒരു വടക്കന്‍ വീരഗാഥയിലെ യഥാര്‍ത്ഥ സൂപ്പര്‍ താരം എംടിയുടെ തിരക്കഥയാണ്. ഇന്ത്യന്‍ സിനിമയിലെ മികച്ച തിരക്കഥകളില്‍ ഒന്നാണിത്. തിരക്കഥയ്ക്കുള്‍പ്പെടെ അനവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വീരഗാഥ പിടിച്ചടക്കി. ചരിത്രവും സങ്കല്‍പ്പവും ഇഴപാകിയ വടക്കന്‍ കഥയില്‍ നിന്നും സിനിമയുടെ പരിമിതികളില്‍നിന്നുകൊണ്ട് സാധ്യതയുടെ പൂര്‍ണതകളിലേക്ക് സഞ്ചരിക്കുകയായിരുന്നു എംടി പ്രതിഭ. തിരക്കഥ സിനിമയുടെ ബ്ലൂപ്രിന്റ് മാത്രമാണെന്ന് പറയുന്നവര്‍ക്കുള്ള കനത്ത മറുപടിയാണീ ചിത്രം. ചരിത്രത്തെ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ചടുലമാക്കി നിര്‍ത്തി പഴയകാലത്തെ ലൈവാക്കാന്‍ തിരക്കഥക്ക് കഴിഞ്ഞു. പെരുന്തച്ചന്റെ ഉളിക്കൊത്തലിന്റെ ശില്പ്പഭംഗിയുള്ള എംടി രചനയിലെ സംഭാഷണം കഥാപാത്രങ്ങളുടെ ആത്മാവിഷ്ക്കാരം നല്‍കുന്നുണ്ട്. അങ്കത്തിന്റെ ആവേശവും ചുരികയുടെ മൂര്‍ച്ചയുമുള്ള വാക്കുകള്‍ ഈ സിനിമയുടെ സവിശേഷതയാണ്. അങ്കവീര്യം അടിയൊഴുക്കായ സിനിമയില്‍ വാക്കുകളുടെ ചാട്ടുളി പ്രയോഗം കഥാവിഷയത്തിന്റെ ചില പരുക്കന്‍ സ്വഭാവത്തിനു ചാര്ച്ചയാകുന്നുണ്ട്.
പ്രണയമുഹൂര്‍ത്തങ്ങളില്‍ വാക്കുകള്‍ ആത്മാവില്‍ തൂങ്ങിയ അലങ്കാരമായും പ്രത്യക്ഷപ്പെടുന്നു. എംടിയുടെ വാക്കുകള്‍ക്കിടയിലെ മുഴങ്ങുന്ന അര്‍ത്ഥം വീരഗാഥയിലും കാണാം.
നീണ്ട താരനിര, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെയും ജെ. ജയകുമാറിന്റെയും ഗാനങ്ങള്‍, ബോംബെ രവിയുടെ സംഗീതം, രാമചന്ദ്രബാബുവിന്റെ ക്യാമറ ഇങ്ങനെ മേന്മകള് കണ്ണിചേര്‍ന്ന സിനിമാ ഇതിഹാസം ഇരുപത്തഞ്ചുവര്‍ഷം മുന്‍പു കണ്ട അതേ കാഴ്ചാ സൗഖ്യത്തില്‍ ഇന്നും കാണാം. ഒരു സിനിമ രണ്ടാം വട്ടം കാണുന്നത് ക്ഷമയുടെ നീണ്ട അതിര്‍ത്തി കടക്കലാകുമ്പോള് കാല്‍നൂറ്റാണ്ടു മുമ്പത്തെ ഒരു സിനിമ അതേ ആവേശത്തില്‍ ഇപ്പോഴും കാണാന്‍ പ്രേരിപ്പിക്കുന്നുവെന്നതാണ് ഒരു വടക്കന്‍ വീരഗാഥയുടെ പ്രസക്തി.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: