ചെന്നൈ: അന്തരിച്ച നടി സുകുമാരിക്ക് ചലച്ചിത്രലോകത്തിന്റെ അന്ത്യാഞ്ജലി. ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ ബുധനാഴ്ച വൈകിട്ട് 3.30 ന് തമിഴ്നാട് സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ബുധനാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ചെന്നൈ ടി. നഗര്‍ ബോഗ്റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. മലയാള താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബുവാണ് റോയപ്പേട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങിയത്. സംസ്ഥാനസര്‍ക്കാരിന് വേണ്ടി മന്ത്രി ഗണേഷ്കുമാര് സുകുമാരിയുടെ വീട്ടിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. രാവിലെ ഒന്‍പതു മണി മുതല്‍ മൂന്നു മണിവരെ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം വിലാപയാത്രയോടെയാണ് ശ്മശാനത്തില്‍ എത്തിച്ചത്. തുടര്‍ന്നു സംസ്കാര ചടങ്ങുകള്‍ നടന്നു.
സനിമാ രംഗത്ത് ഏവര്‍ക്കും പ്രിയങ്കരിയായ സുകുമാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തമിഴ്, മലയാളം സിനിമാരംഗത്തെ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. മമ്മൂട്ടി, ദിലീപ്, കെപിഎസി ലളിത, കെ.ആര് വിജയ, ശോഭന, മേനക, മനോജ് .കെ ജയന്, ഹരിശ്രീ അശോകന് തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു. കണ്ണുനീരോടെയായിരുന്നു സിനിമാലോകം സുകുമാരിക്ക് വിടനല്‍കിയത്. അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്ന സുകുമാരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കവേ നടി മനോരമയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.മലയാള സിനിമയിലെ അമ്മ സാന്നിധ്യത്തിന്റെ അഭാവത്തെക്കുറിച്ചോര്ത്ത് മമ്മുട്ടി ഉള്‍പ്പെടെയുള്ളവര്‍ വികാരാധീനരായി.
കഴിഞ്ഞമാസം 27നു പൂജാമുറിയില്‍നിന്നു പൊള്ളലേറ്റതിനെത്തുടര്‍ന്ന് ചെന്നൈ ഗ്ലോബല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുകുമാരിയുടെ വൃക്കയുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. പ്ലാസ്റ്റിക് സര്‍ജറിയും ഡയാലിസിസും കഴിഞ്ഞ സുകുമാരി അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടര്‍മാര്‍പറഞ്ഞിരുന്നു. അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിനായി പ്രത്യേക വാര്‍ഡിലാണ് കിടത്തിയിരുന്നത്. എന്നാല്‍ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് അവരുടെ മരണത്തിനിടയാക്കിയത്.
ഹൃദയസംബന്ധമായ അസുഖത്തിന് ഏതാനും വര്‍ഷം മുമ്പ് സുകുമാരി ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. അന്ത്യവിശ്രമം കേരളത്തിലാകണമെന്ന് സുകുമാരി മുമ്പ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും ആ ആഗ്രഹം സഫലമായില്ല. 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനാല്‍ മൃതദേഹം എംബാം ചെയ്യാന്‍ കഴിയാത്തതിനാല്‍ സംസ്കാരം ചെന്നൈയില്‍ത്തന്നെ നടത്തുകയായിരുന്നു. മലയാളം, തെലുങ്ക്, തമിഴ്, ഒറിയ, ഹിന്ദി, ബംഗാളി ഭാഷകളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട് .പത്മശ്രീ ഉള്‍പ്പെടെ ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നല്കി അംഗീകരിക്കപ്പെട്ട നടിയാണ് സുകുമാരി. എന്നാല്‍ എല്ലാ പുരസ്കാരങ്ങള്‍ക്കും അപ്പുറം താന്‍ വില നല്‍കുന്നത് ജനങ്ങള്നല്കുന്ന അംഗീകാരത്തിനാണെന്ന് ആ അനഗൃഹീതനടി എപ്പോഴും പറയാറുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: