തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചയെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവയുടെ മറുപടി. ഇന്ത്യയുടെ പ്രധാനമന്ത്രിയെ കാണാന്‍ അവകാശമുണ്ടെന്നാണ് തന്റെ വിശ്വാസം. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. എന്നാല്‍, കൂടിക്കാഴ്ച നടത്താന്‍ നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിലെ അംഗമായതുകൊണ്ടു മാത്രം പ്രധാനമന്ത്രിയെ മുന്‍വിധിയോടെ ഒഴിവാക്കേണ്ട കാര്യമില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കത്തോലിക്ക സഭയ്ക്കും ക്രൈസ്തവര്‍ക്കും പ്രധാനമന്ത്രി വേണ്ട എന്നാണോ പിണറായി ചിന്തിക്കുന്നതെന്നും ബാവ ചോദിച്ചു. പിണറായി വിജയന്റെ ലേഖനത്തെക്കുറിച്ച് വിവാദത്തിനില്ലെന്നും ബാവ പറഞ്ഞു.
പിണറായിയുടെ ലേഖനത്തില്‍ പറയുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടാണെന്നും അതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും സഭയുടെ മാധ്യമ സെക്രട്ടറി ഫാ. ബൊവാസ് മാത്യൂ പ്രതികരിച്ചു. ബാവയും മോദിയുമായുളള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിയാതെ ചിത്രം മാത്രം കണ്ടാണ് വിമര്‍ശനമുന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാവ മോദിയുമായി കൂടിക്കാഴ്ച നടത്തിയത് മതനിരപേക്ഷ ചിന്താഗതിക്കാര്‍ക്ക് ദു:ഖമുണ്ടാക്കിയെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ കര്‍ദിനാള്‍ നിസ്സാരവല്‍ക്കരിച്ചു എന്നുമാണ് പിണറായി വിജയന് ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: