കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ച മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നക്ക് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രശംസാവര്‍ഷം.
കാര്‍ഡിഫില്‍ 133 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. 75 പന്തില്‍ 100 റണ്‍സ് നേടിയ റെയ്‌നയുടെ പിന്‍ബലത്തില്‍ ഇന്ത്യ 6ന് 304 എന്ന് സ്‌കോര്‍ പടുത്തുയര്‍ത്തി. മഴകാരണം 47 ഓവറില്‍ 295ആയി പുതുക്കി നിശ്ചയിച്ച ലക്ഷ്യം തേടിയ ഇംഗ്ലണ്ട് വെറും 161ന് പുറത്തായി (38.1 ഓവര്‍). അലക്‌സ് ഹെയ്ല്‍സ് (40) അവരുടെ ടോപ് സ്‌കോറര്‍. നാലു വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും രണ്ടുപേരെ വീതം പുറത്താക്കിയ ആര്‍.അശ്വിനും മുഹമ്മദ് ഷാമിയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
അതൊരു ഉശിരന്‍ ഇന്നിംഗ്‌സായിരുന്നു. 30-ാം ഓവറിന്റെ അവസാനംവരെ നമ്മള്‍ കാര്യമായി സ്‌കോര്‍ ചെയ്തിരുന്നില്ല. അതിനാല്‍ത്തന്നെ റെയ്‌ന ക്രീസില്‍ പിടിച്ചുനില്‍ക്കേണ്ടത് അനിവാര്യമായിരുന്നു. വിക്കറ്റ് പോകാതെ സൂക്ഷിച്ചാല്‍ അവസാന ഓവറുകളില്‍ നന്നായി സ്‌കോര്‍ ചെയ്യാമെന്ന തിരിച്ചറിവുണ്ടായിരുന്നു, ധോണി പറഞ്ഞു. വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നയാളാണ് റെയ്‌ന. ഷോട്ടുകളും ആധികാരികം. മനോഹരമായ ബാറ്റിംഗാണ് റെയ്‌ന പുറത്തെടുത്ത്. ഫിഫ്റ്റി കടന്നതും അദ്ദേഹം കളിയുടെ നിലവാരം ഉയര്‍ത്തി. മികച്ച ചില ഷോട്ടുകളിലൂടെ സെഞ്ച്വറിയിലെത്തിയെന്നും ധോണി വിലയിരുത്തി.
















