കാഠ്മണ്ഡു: നേപ്പാള്‍ പൊതുസഭയെ അഭിസംബോധന ചെയ്ത ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിന് 6000 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 2500 ലക്ഷം ഡോളര്‍ സഹായത്തിന് പുറമേയാണിത്. ഭാരതത്തിന്റെ ഏറ്റവും അടുത്ത സുഹൃത് രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്രമോദി പൊതുസഭയെ അഭിസംബോധന ചെയ്തു പറഞ്ഞു.
പതിനേഴു വര്‍ഷത്തിനു ശേഷം നേപ്പാള്‍ പൊതുസഭയെ അഭിസംബോധന ചെയ്യാന്‍ ക്ഷണം ലഭിച്ച രാഷ്ട്രത്തലവനായ നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും പൊതുസഭയുടെ നിലയ്ക്കാത്ത കരഘോഷമാണ് ലഭിച്ചത്. നേരത്തെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോളും മറികടന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള നേരിട്ടെത്തിയിരുന്നു.
എനിക്ക് നേപ്പാളിനെ ഇടിക്കണം (ഹിറ്റ്) എന്ന നരേന്ദ്രമോദിയുടെ പൊതുസഭയിലെ വാക്കുകള്‍ക്ക് നിയമനിര്‍മ്മാതാക്കളുടെ നീണ്ടകരഘോഷമാണ് മറുപടിയായി ലഭിച്ചത്. ‘നേപ്പാളിനെ ഇടിക്കണമെന്ന ചിന്തയാണ് എന്റെ മനസ്സിലേക്ക് വരുന്നത്. ഈ വാക്കുകളില്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരിക്കാം. എന്നാല്‍ ഹിറ്റ് എന്ന ഇംഗ്ലീഷ് വാക്കിലൂടെ ഞാന്‍ മൂന്ന് പ്രധാന പോയിന്റുകളാണ് മുന്നോട്ടു വയ്ക്കുന്നത്. എച്ച്(ഹൈവേകളുടെ നിര്‍മ്മാണം), ഐ(ഇന്‍ഫര്‍മേഷന്‍-വിവരസാങ്കേതികത), റ്റി(ട്രാന്സ്മിഷന്-വിതരണം) എന്നിവ. നേപ്പാളിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ഗതാഗത ബന്ധം സുഗമമാക്കുന്നതിനായി ദേശീയപാതകള്‍ നിര്‍മ്മിക്കുന്നതിന് ഭാരതം സഹായം നല്‍കും. ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നും വിവരസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ നേപ്പാള്‍ ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ ആവശ്യമായ സഹായം ഭാരതം കൈമാറും. ഡിജിറ്റല്‍ കാലഘട്ടത്തിലേക്കുള്ള രൂപാന്തരണത്തിനും അതുവഴി ലോകത്തെ മറ്റുഭാഗങ്ങളുമായി അനായാസം ബന്ധപ്പെടുന്നതിനും നേപ്പാളിനെ സഹായിക്കും’, മോദി തുടര്‍ന്നു.
ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണത്തിനും വൈദ്യുതിയുടെ ഇറക്കുമതി, കയറ്റുമതിയാവശ്യങ്ങള്ക്കും ഭാരതത്തിന്റെ വിതരണ സഹായം നേപ്പാളിന് ലഭിക്കും. ഭാരതം നല്കുന്ന വൈദ്യുതിയുടെ അളവ് രണ്ടിരട്ടിയാക്കി വര്‍ദ്ധിപ്പിക്കും. ഇതനാവശ്യമായ വിതരണശൃംഖല തയ്യാറാക്കണം. നേപ്പാളില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ ഭാരതം തയ്യാറാണ്. ഇതൊക്കെയാണ് ഞാന്‍ പറഞ്ഞ ഇടിക്കല്(ഹിറ്റ്). നിങ്ങള്‍ ഇതിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഇതെല്ലാം യാഥാര്‍ത്ഥ്യമാക്കും. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തികള്‍ മറികടക്കാനാവാത്ത കടമ്പകളല്ല. ഇതുരാജ്യങ്ങളുടേയും വികസനത്തിനായുള്ള പാലങ്ങളായി അതിര്‍ത്തികളെ കാണണം.
ഹിമാലയവും ഗംഗയും തമ്മിലുള്ള ബന്ധത്തോളം പഴക്കമുള്ള സൗഹൃദമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ സാംസ്കാരിക ബന്ധമാണുള്ളത്. നേപ്പാള്‍ ഒരു പരമാധികാര റിപ്പബ്ലിക്കാണ്. ഭാരതത്തിന്റെ ലക്ഷ്യം നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയെന്നതല്ല. എന്നാല്‍ ജനാധിപത്യരീതി തെരഞ്ഞെടുത്ത നേപ്പാളിനെ അതിലേക്ക് നയിക്കാന്‍ ഭാരതം സഹായിക്കും. അയല്‍രാജ്യമെന്ന നിലയില്‍ ജനാധിപത്യസംവിധാനത്തിലൂടെയുള്ള നേപ്പാളിന്റെ യാത്ര ഭാരതത്തിന് സന്തോഷകരമാണ്. ഭാരതത്തിന്റെ ഒരേയൊരു ആഗ്രഹം നേപ്പാളിന്റെ വികസനം ഹിമാലയത്തോളം ഉയരണം എന്നതുമാത്രമാണ്. ഭാരതത്തിനു വേണ്ടി പൊരുതി മരിച്ച ഗൂര്‍ഖാ സൈനികരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് ഞാന്‍ സംസാരം അവസാനിപ്പിക്കുന്നു, നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. നിലയ്ക്കാത്ത കയ്യടികളുയര്ന്ന പൊതുസഭയില്‍ ഭാരത-നേപ്പാള്‍ ബന്ധത്തിന്റെ പുതിയ അധ്യായത്തിന് നരേന്ദ്ര മോദി തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: