കാഠ്മണ്ഡു: പതിനേഴ്വര്ഷത്തിനു ശേഷം ഭാരത പ്രധാനമന്ത്രി നേപ്പാളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍ എന്തായിരിക്കും ആ രാജ്യത്തിനു സമ്മാനിക്കുക. ആര്‍ക്കും അതൊരു ആകാംക്ഷയാണ്. ഹിന്ദുരാഷ്ട്രമായ നേപ്പാളിലേക്ക് ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ആദ്യ യാത്രയില്‍ പലരും പലതും സങ്കല്പ്പിച്ചിട്ടുണ്ടാവണം. പക്ഷേ, ഈ സമ്മാനം ആര്‍ക്കും അപ്രതീക്ഷിതം. അതുകൊണ്ടുതന്നെ ഒരു കുടുംബത്തിനുള്ള ഈ സമ്മാനം നേപ്പാളിനു മാത്രമല്ല, ലോക മാനവികതയ്ക്കുതന്നെയുള്ള മാതൃകയായി.
സംഗതി ഒരു ഹിന്ദി സിനിമയുടെ കഥപോലെയെന്ന് വേണമെങ്കില്‍ കൗതുകത്തിനു പറയാം. പക്ഷേ, അതിനപ്പുറമാണിതിനു പിന്നിലെ കാര്യങ്ങള്‍. അതു ജീത്ബഹാദൂറിനറിയാം… പ്രധാനമന്ത്രി നരേന്ദ്ര മോദിക്കറിയാം… ജീത്തിന്റെ അമ്മ ഖഗിസാരയ്ക്കറിയാം, കുടുംബാംഗങ്ങള്ക്കറിയാം. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് അതു മനസിലാക്കാനുമാകും.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് നേപ്പാളിലെത്തിയ പ്രധാനമന്ത്രി മോദിയുടെ ആദ്യത്തെ നടപടി അതായിരുന്നു. ജീത്തിനെ അവന്റെ അമ്മയെ ഏല്‍പ്പിച്ചു. അമ്മ ഖഗിസാരയും സഹോദരന് ദശരഥ് സാരുമാഗര്, സഹോദരി തുടങ്ങിയ കുടുംബാംഗങ്ങളും അതിനു സാക്ഷിയായി. വികാര നിര്‍ഭരമായ രംഗത്തിനു സാക്ഷിയായവര്‍ ജീത്തിന്റെ കഥ തേടി പോയപ്പോള്‍ അത് ഏറെ കൗതുകമുള്ളതായി.
ജീത് ബഹാദൂറിന് വയസ് 26. നേപ്പാള്‍ സ്വദേശിയായ ജീത്ത് കുടുംബവുമായി വഴിപിരിഞ്ഞിട്ട് 16 വര്‍ഷമായി. വീട്ടുകാര്‍ ജീത്തിനെക്കുറിച്ചുതന്നെ മറന്നു; കാരണം തേടാവുന്നിടത്തെല്ലാം തിരയാവുന്നത്ര തിരഞ്ഞു. പക്ഷേ ഫലമുണ്ടായില്ല.
ജീത്തും ചേട്ടന് ദശരഥും ജോലി തേടിയാണ് രാജസ്ഥാനില്‍ എത്തിയത്, 16 വര്‍ഷം മുമ്പ്. പല ജോലികള്‍ ചെയ്തെങ്കിലും തൃപ്തിവരാതെ ദശരഥ് നാട്ടിലേക്കു മടങ്ങി. ജീത്ത് അവിടെ തങ്ങി. ഒരിക്കല്‍ ജീത്ത് തിരികെ വന്നു, അനുജനെ കാണാന്‍. പക്ഷേ, അവര്‍ പിരിഞ്ഞ സ്ഥലംതന്നെ മാറിയിരുന്നു. ജീത്തിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. സങ്കടപ്പെട്ട് ദശരഥ് വീട്ടിലെത്തി. മകനെ കാണാഞ്ഞ് അമ്മയും കുടുംബവും സങ്കടപ്പെട്ടു. എന്നെന്നേക്കുമായി ജീത്ത് നഷ്ടമായതായി അവര്‍ തീരുമാനിച്ചു.
എന്നാല്‍ ഇൗ സമയം ജീത്തോ. ജീത്ത് രാജസ്ഥാനില്‍ നിന്നു ഒരു ട്രെയിന്‍ കയറി എത്തിയത് ഗുജറാത്തിലെ അഹമ്മദാബാദിലാണ്. ചെന്നുപെട്ടത് നരേന്ദ്ര മോദിയുടെ മുന്നില്‍. 1998-ലാണ് സംഭവം. അന്ന് മോദി മുഖ്യമന്ത്രിയൊന്നുമല്ല. സംഘടനാ പ്രവര്ത്തകന്. ജീത്തിന്റെ കഥ കേട്ട മോദി അവനെ സംരക്ഷിക്കാന്‍ നിശ്ചയിച്ചു. പാര്‍പ്പിടം കൊടുത്തു, വസ്ത്രവും ഭക്ഷണവും, സര്‍വോപരി വിദ്യാഭ്യാസവും നല്കി. ജീത്ത് ഇന്ന് ഒരു എംബിഎ വിദ്യാര്‍ത്ഥിയാണ്.
രണ്ടുവര്‍ഷം മുമ്പാണ് സംഭവങ്ങള്‍ക്ക് വഴിത്തിരിവുണ്ടാകുന്നത്. ദശരഥിന് ഒരു സന്ദേശം കിട്ടി, സഹോദരന് ജീത്ത് ബഹാദൂറിനെ കണ്ടെത്തിയെന്ന്. ദശരഥ് പറയുന്നു, ”അതു വിശ്വസിക്കാനായില്ല. മറ്റാരെങ്കിലുമായിരിക്കുമെന്നുതന്നെയാണ് വിശ്വസിച്ചത്. ഇപ്പോള്‍ ഇതാ ഞങ്ങള്‍ക്കു നഷ്ടമായെന്നു കരുതിയിരുന്ന അനുജന് ഞങ്ങളുടെ മുന്നില്‍. അതും ഭാരത പ്രധാനമന്ത്രിയുടെ സംരക്ഷണത്തില്‍. ഏറെ സന്തോഷമുണ്ട്. മറക്കില്ല ഈ മനുഷ്യത്വം,” ദശരഥ് പറയുന്നു.
ജീത്തിനെ അമ്മ ഖഗിസാരയെ ഏല്‍പ്പിക്കുമ്പോള്‍ നരേന്ദ്ര മോദി ചോദിച്ചു, ” അമ്മ എത്ര സന്തോഷവതിയാണ്. നഷ്ടമായെന്നു കരുതിയ മകനെയല്ലേ തിരികെ കിട്ടിയത്?” തന്റെ മകന് വിദ്യാഭ്യാസം കൊടുത്ത്, സ്വന്തം ‘ധര്‍മ്മപുത്ര’നെ പോലെ വളര്‍ത്തിയതിന് ആ അമ്മ മോദിക്ക് നന്ദി പറഞ്ഞു, ഏറെ അനുഗ്രഹം ചൊരിഞ്ഞു. ദരിദ്രരായ ആ കുടുംബം ജീവിക്കാന്‍ വകയില്ലാഞ്ഞ കാലത്താണ് മക്കളെ ജോലിക്ക് അന്യ സംസ്ഥാനത്തേക്കയച്ചത്.
ജീത്തു പറയുന്നു,” അദ്ദേഹം എന്നെ സ്വന്തം അനുജനെ പോലെ സംരക്ഷിച്ചു. ഞാന്‍ എട്ടുപത്തു വയസുള്ളപ്പോളാണ് അദ്ദേഹത്തിനു മുന്നില്‍ എത്തുന്നത്. എനിക്കു തോന്നുന്നില്ല, എന്റെ അമ്മ എന്നെ ഇത്രയും കാര്യമായി സംരക്ഷിക്കുമായിരുന്നുവെന്ന്.”
”എന്റെ ഭാഗ്യമാണ് ഇത്രയും വലിയൊരു വിശിഷ്ട വ്യക്തിക്കൊപ്പം താമസിക്കാന്‍ കിട്ടിയ അവസരം. പക്ഷേ, ഒരിക്കല്‍ പോലും ഞാന്‍ ഒരു വിഐപിയുടെ കൂടെയാണ് കഴിയുന്നതെന്ന് എനിക്കു തോന്നിയിട്ടേ ഇല്ല,” ജീത്ത് പറഞ്ഞു.
എംബിഎ പഠിക്കുന്ന ജീത്തിന് ഇനിയും ഭാരതത്തില്‍ പഠനം തുടരാനാണ് താല്പര്യം. ജീത്ത് ഭാരതപ്രധാനമന്ത്രിയുടെ നേപ്പാളിനുള്ള സമ്മാനം കൂടിയാണ്. ജീത്തിന്റെ വീട്ടുകാരുമായുള്ള ചേരലിന്റെ സന്തോഷവും സന്ദേശവും ആ കുടുംബത്തില്‍ മാത്രമൊതുങ്ങുന്നില്ല, ലോകത്തിനുള്ള മാനവിക സന്ദേശമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: