തിരുവനന്തപുരം: കാലവര്‍ഷത്തില്‍ സംസ്ഥാനത്തിനുണ്ടായ നാശനഷ്ടം 64.87 കോടി രൂപ കവിഞ്ഞു. 5497.98 ഹെക്ടറില്‍ കൃഷിനാശത്തിലൂടെ 40 കോടിയിലേറെ നഷ്ടമുണ്ടായി. 164 വീടുകള്‍ പൂര്‍ണമായും 2931 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശക്തി കുറഞ്ഞെങ്കിലും ബുധനാഴ്ച രാവിലെ വരെ മഴ തുടരുമെന്നും നാളെ രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
രണ്ടു ദിവസത്തെ തുടര്‍ച്ചയായ മഴയില്‍ മരണം ആറായി. മരിച്ച അഞ്ചുപേരും കാസര്‍കോട് ജില്ലക്കാരാണ്. കണ്ണൂര്‍ കീഴ്പളളിയില് ഒഴുക്കില്‍പ്പട്ട് കാണാതായ ഒന്നര വയസുകാരി ദിയക്ക് വേണ്ടിയുളള തിരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. കോഴിക്കോട് മഴ ശക്തമാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞു.
വടക്കന്‍ കേരളത്തിലെ ഒന്നിലധികം കേന്ദ്രങ്ങളില്‍ 20 സെന്റീമീറ്ററിനു മുകളില്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ സംസ്ഥാന ശരാശരി പത്തു സെന്റീമീറ്ററോളമെത്തി. രണ്ടാഴ്ച മുന്‍പ് 30 ശതമാനത്തോളമായിരുന്ന മഴക്കുറവ് ഇന്നലെ എട്ടു ശതമാനമായി ചുരുങ്ങി. 143.25 സെന്റീമീറ്റര്‍ മഴയാണ് ഇന്നലെ വരെ സംസ്ഥാനത്തിനു ലഭിക്കേണ്ടിയിരുന്നത്. ഇതില്‍ 131.5 സെന്റീമീറ്റര്‍ മഴ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: