ഗ്ലാസ്‌ഗോ: കളത്തിനു പുറത്തെ ചില സംഭവങ്ങള്‍ തീര്‍ത്ത കളങ്കത്തെ തുടച്ചുനീക്കാന്‍ പാകത്തില്‍ ഉശിരന്‍ പ്രകടനത്തോടെ ഇന്ത്യ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനോട് വിടചൊല്ലി. അവസാന ദിനം ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തില്‍ പി. കശ്യപ് കൊയ്ത സ്വര്‍ണം ഇന്ത്യന്‍ മെഡല്‍ ശേഖരത്തിന്റെ ശോഭ വര്‍ധിപ്പിച്ചു. ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ ജോടിയും ഇന്ത്യയ്‌ക്ക് വെള്ളിത്തിളക്കം ഒരുക്കി. എന്നാല്‍ ഹോക്കിയില്‍ വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത് നിരാശയേകി. എങ്കിലും 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവുമടക്കം 64 മെഡലുകളുമായി അഞ്ചാംസ്ഥാനത്തോടെ തലയുയര്‍ത്തി തന്നെയാണ് ഇന്ത്യയുടെ പടിയിറക്കം.
വാശിയേറിയ കലാശക്കളിയില്‍ സിംഗപ്പൂരിന്റെ ഡെര്‍ക്ക് വോങ്ങിനെ സമചിത്തത കൈവിടാതെ മറികടന്ന കശ്യപ് അഭിമാനകരമായ നേട്ടം സ്വന്തമാക്കുകയായിരുന്നു (21-14 11-21, 21-19). കൈക്കുഴകളുടെ പ്രയോഗത്തിനും തന്ത്രപരമായ നീക്കങ്ങള്‍ക്കും പേരുകേട്ട വോങ്ങിനെതിരെ പോരാട്ടവീര്യത്തിലൂടെ കശ്യപ് വീരപുരുഷന്റെ പരിവേഷം എടുത്തുചാര്‍ത്തി. ആദ്യ ഗെയിമില്‍ 14-8ന് മുന്നില്‍ക്കയറിയ കശ്യപിനെ തകര്‍പ്പന്‍ സ്മാഷുകളിലൂടെ വോങ് ഒപ്പംപിടിച്ചു. എന്നാല്‍ നെറ്റിനരുകില്‍ കയറിക്കളിച്ച് എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കിയ കശ്യപ് ഗെയിം കൈക്കുമ്പിളിലൊതുക്കി. രണ്ടാം ഗെയിമില്‍ വോങ് കേളി ശൈലി മാറ്റിമറിച്ചു. കശ്യപിന്റെ പ്രതിരോധം തുളച്ച വോങ് കത്തിക്കയറി. ഇന്ത്യന്‍ താരത്തിന്റെ പിഴവുകളും കൂടി ചേര്‍ന്നപ്പോള്‍ ഗെയിം വോങ്ങിന്റെ പോക്കറ്റില്‍. മൂന്നാം ഗെയിമില്‍ തകര്‍പ്പന്‍ സ്മാഷുകളിലൂടെ കശ്യപ് നല്ല തുടക്കമിട്ടെങ്കിലും കൗശലപൂര്‍വം കളിച്ച വോങ് ഇഞ്ചോടിഞ്ച് പൊരുതി. മികച്ച നെറ്റ് പ്ലേയും കോര്‍ട്ട് നിറഞ്ഞു കളിക്കാനുള്ള ശേഷിയും വോങ്ങിന് 11-8ന്റെ മുന്‍തൂക്കമൊരുക്കിയ വേളകള്‍. എന്നാല്‍ കശ്യപ് പ്രതിയോഗിയുടെ ലീഡ് കുറച്ചുകുറച്ചുവന്നു. പിന്നെ ആക്രമണോത്സുകത പുറത്തെടുത്ത ഇന്ത്യന്‍ സ്റ്റാര്‍ വേഗം കൂടിയ റാലികളിലൂടെ സ്വര്‍ണത്തിലേക്ക് പറന്നുകയറി.
ഇതോടെ 32 വര്‍ഷങ്ങള്‍ക്കുശേഷം കോമണ്‍വെല്‍ത്ത് സ്വര്‍ണം നേടുന്ന ആദ്യ പുരുഷ ബാഡ്മിന്റണ്‍ താരമെന്ന മഹിമയും കശ്യപിന് ലഭിച്ചു. 1982ല്‍ സയ്യിദ് മോദിയാണ് ഇതിനു മുന്‍പ് ഇന്ത്യയ്‌ക്ക് സ്വര്‍ണം കൊണ്ടുവന്നത്. 1978ല്‍ പ്രകാശ് പദുക്കോണും സമാന നേട്ടം കൈവരിച്ചു.
വനിതാ ഡബിള്‍സ് ഫൈനലില്‍ ജ്വാല- അശ്വിനി സഖ്യം മലേഷ്യയുടെ വിവിയന്‍ കാഹ് മും ഹൂ- ഖെ വെയ് വൂണ്‍ കൂട്ടുകെട്ടിനു മുന്നില്‍ മുട്ടുകുത്തി, സ്‌കോര്‍: 17-21, 21-23. ഗുരുസായി ദത്തും പി.വി. സിന്ധുവും യഥാക്രമം പുരുഷ, വനിതാ വിഭാഗങ്ങളില്‍ വെങ്കലം കരസ്ഥമാക്കിയതും ബാഡ്്മിന്റണ്‍ കോര്‍ട്ടിലെ തിളക്കം വര്‍ധിപ്പിച്ചു.
ഹോക്കിയില്‍ ഇന്ത്യ ആസ്‌ട്രേലിയക്കു മുന്നില്‍ പിടിച്ചുനിന്നില്ല. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ഇന്ത്യ സുല്ലിട്ടു. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ആസ്‌ട്രേലിയ ഇരുപകുതികളിലും രണ്ടു ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. ക്രിസ് സിറിയെല്ലോ (13, 29, 48 മിനിറ്റുകള്‍) അവര്‍ക്കുവേണ്ടി ഹാട്രിക്ക് കുറിച്ചു. എഡ്ഡി ഒക് കെന്‍ഡന്‍ (51) ആസ്‌ട്രേലിയയുടെ മറ്റൊരു സ്‌കോറര്‍.
പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ അര്‍പിന്ദര്‍ കുമാറിന്റെ വെങ്കലവെട്ടവും കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്ക് ലഭിച്ച സന്തോഷങ്ങളില്‍പ്പെടുന്നു. 16.63 മീറ്റര്‍ ചാടിയാണ് അര്‍പിന്ദര്‍ പൗഡിയത്തില്‍ എത്തിയത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലും ഇതു തന്നെ.
ബോക്‌സിങ് 74 കിലോഗ്രാം വിഭാഗത്തില്‍ സൂപ്പര്‍ താരം വിജേന്ദര്‍ സിംഗും 69 കിലോഗ്രാം വിഭാഗത്തില്‍ മന്‍പ്രീത് ജാന്‍ഗ്രയും വെള്ളിയില്‍ ഒതുങ്ങിക്കൂടിയതും ശനിയാഴ്ച വൈകിയെത്തിയ വിശേഷം.
















