ലണ്ടന്‍: ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിനിടെ ഇന്ത്യന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെ അധിക്ഷേപിച്ചെന്ന് ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്ഡേഴ്സന് കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടു. ജഡേജയെ നിരന്തരം ആക്ഷേപിച്ചെന്ന കാര്യം ആന്ഡേഴ്സന് സമ്മതിച്ചു. ഇന്ത്യന്‍ താരത്തെ അയാള്‍ പിടിച്ചുതള്ളി. പല്ലിടിച്ചു തെറിപ്പിക്കുമെന്നു വരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിസ്താരത്തിനിടെയായിരുന്നു ആന്‍ഡേഴ്സന്റെ കുമ്പസാരം. കളിയുടെ മാന്യതയ്ക്കു നിരക്കാത്ത പ്രവൃത്തിയാണ് താന്‍ കാട്ടിയതെന്നും ഗത്യന്തരമില്ലാതെ ഇംഗ്ലീഷ് പേസര്‍ക്ക് സമ്മതിക്കേണ്ടിവന്നു. ജഡേജയ്ക്ക് പിഴ വിധിച്ചതിനെതിരേയുള്ള അപ്പീലിലെ വാദസമയത്ത് ബിസിസിഐ അഭിഭാഷകന് ഇക്കാര്യങ്ങള്‍ ശക്തമായി എടുത്തുകാട്ടിയെങ്കിലും ഫലമുണ്ടായില്ല.
ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ലഞ്ചിനിടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഡ്രസിങ് റൂമിനരുകില്വച്ച് ആന്ഡേഴ്സന് ജഡേജയോടു മോശമായി പെരുമാറിയെന്നും പിടിച്ചുതള്ളിയെന്നും ഇന്ത്യ ആരോപിച്ചപ്പോള്‍ ജഡേജ തങ്ങളുടെ ബൗളറെ ബാറ്റുകൊണ്ട് തല്ലാന്‍ ഓങ്ങിയെന്ന് ഇംഗ്ലണ്ട് കുറ്റപ്പെടുത്തി. വീഡിയോ ദൃശ്യത്തിന്റെ അഭാവത്തില്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇന്ത്യയ്ക്കായില്ല. രണ്ടു ടീമിലെയും കളിക്കാരുടെ മൊഴിയെടുത്തശേഷം ഐസിസി ജൂഡീഷ്യല്‍ കമ്മീഷന് ജഡേജയും ആന്‍ഡേഴ്സനും കുറ്റക്കാരല്ലെന്നു വിധിയെഴുതി. എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ ആന്ഡേഴ്സന് തെറ്റുചെയ്തെന്ന കാര്യം ഉറപ്പിക്കുന്നുണ്ട്.
കളിക്കിടെ ജഡേജയുടെ ക്യാച്ചിനുവേണ്ടി ആന്ഡേഴ്സന് മുറവിളികൂട്ടിയിരുന്നു. അപ്പീലിനുശേഷം ആന്ഡേഴ്സന് ജഡേജയോട് പരുക്കന്‍ ഭാഷയില്‍ സംസാരിച്ചു. പിറുപിറുക്കല്‍ നിര്‍ത്താന്‍ അംപയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ് ആന്‍ഡേഴ്സനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അതൊടുവില്‍ ഡ്രസിങ് റൂമിനു മുന്നിലെ കശപിശയില്‍ കലാശിക്കുകയും ചെയ്തു.
















