ആലുവ: ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസും സി.പി.എമ്മും മുസ്ലീം മതവിശ്വാസികളെ പാട്ടിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. എടത്തല പഞ്ചായത്തിലെ തേവയ്‌ക്കലില്‍ ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം നല്‍കാന്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാസയാണ് ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന നിലയിലാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പറയുന്നത്.
ജനങ്ങള്‍ക്ക് പ്രയാസങ്ങളില്ലാതെ ജീവിക്കാന്‍ സാഹചര്യമുണ്ടാക്കുകയെന്നതാണ് മോഡി സര്‍ക്കാരിന്റെ പ്രധാനലക്ഷ്യം. മോഡി അധികാരത്തിലേറിയാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല, പാക്കിസ്ഥാനെതിരെ യുദ്ധമാരംഭിക്കും, മോഡി രക്തദാഹിയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസും സിപിഎമ്മും ഉയര്‍ത്തിയിരുന്നു. കേരളത്തിന് കേന്ദ്രമന്ത്രി, ഗവര്‍ണര്‍ സ്ഥാനം കിട്ടുമോയെന്ന ചോദ്യം അപ്രസക്തമാണ്.
അമേരിക്കയെന്ന് പറഞ്ഞാല്‍ മുട്ടുവിറയ്‌ക്കുന്ന ഭരണാധികാരികളെയാണ് ഇന്ത്യ കണ്ടിട്ടുള്ളത്. വാണിജ്യ കരാറില്‍ ഇന്ത്യ ഒപ്പുവെയ്‌ക്കാതിരുന്നത് ജനതാത്പര്യം മുന്‍ നിര്‍ത്തിയാണ്.
യു.പി.എ തുടര്‍ച്ചയായി പത്ത് വര്‍ഷം രാജ്യം ഭരിച്ച്, കൊള്ളയടിച്ച് കാലിയാക്കിയ ഖജനാവുമായാണ് ബി.ജെ.പി അധികാരത്തിലേറിയത്. രാജ്യത്തെ സാധാരണ നിലയിലേക്കെത്തിക്കണമെങ്കില്‍ ഏറെ പ്രയത്‌നിക്കേണ്ടി വരും. ഇതിനുള്ള ശ്രമമാണ് മോഡി സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളതെന്നും സി. കെ പത്മാനാഭന്‍ പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് പെരുമ്പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, ബി. ഗോപാലകൃഷ്ണന്‍, കെ.പി. രാജന്‍, എം.എന്‍. ഗോപി, അജയകുമാര്‍, വി.കെ. അനില്‍കുമാര്‍, സെന്തില്‍കുമാര്‍, ജി. കലാധരന്‍ എന്നിവര്‍ സംസാരിച്ചു.
















